തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീണ്ടും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.
സംസ്ഥാനത്ത് ആറ് മാസത്തേക്ക് മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാണെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. പൊതുസ്ഥലങ്ങളിലും ജോലി സ്ഥലത്തും സാമൂഹിക കൂടിച്ചേരലുകളിലും വാഹനങ്ങളിലും എല്ലാവരും മാസ്‌ക് ധരിക്കണം. സ്ഥാപനങ്ങള്‍, കടകള്‍, തിയേറ്ററുകള്‍ എന്നിവയുടെ നടത്തിപ്പുകാര്‍ അവിടെ എത്തുന്നവര്‍ക്ക് സാനിറ്റൈസര്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
പൊതു ചടങ്ങുകളില്‍ എത്തുന്നവര്‍ക്ക് സംഘാടകര്‍ സാനിറ്റൈസര്‍ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചു. അതേസമയം കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 1,113 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.