സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൊവിഡ് അവലോകന യോഗം വരും ദിവസങ്ങളിൽ ചേരും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിച്ചേക്കും.
അതേസമയം തിങ്കളാഴ്ച മുതലുള്ള ബൂസ്റ്റർ വാക്സീനേഷനായുള്ള ബുക്കിങ് ഇന്ന് മുതല്‍ തുടങ്ങും. ആരോഗ്യപ്രവർത്തകർ, കൊവിഡ് മുന്നണിപ്പോരാളികൾ, 60 വയസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകുന്നത്. രണ്ടാം ഡോസ് വാക്സിൻ എടുത്തുകഴിഞ്ഞ് ഒൻപതുമാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ് നൽകുക. നേരിട്ടും ഓൺലൈൻ വഴിയും വാക്‌സിനുകൾ ബുക്ക് ചെയ്യാം.
ആശങ്കയായി രാജ്യത്തെ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. തുടർച്ചയായ മൂന്നാം ദിവസവും കൊവിഡ് കേസുകൾ ഒരു ലക്ഷത്തിനു മുകളിലായി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം 1,59,632 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 327 പേരാണ് കഴിഞ്ഞദിവസം രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചത്.
രാജ്യത്തെ ഒമൈക്രോൺ കേസുകളുടെ എണ്ണം 3623 ആയി ഉയർന്നു.കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ വാരാന്ത്യ ലോക്ഡൗൺ തുടരുകയാണ്. മഹാരാഷ്ട്രയിൽ 41,434 പേർക്കാണ് പുതുതായി കൊവിഡ് റിപ്പോർട്ട് ചെയ്തത്.
ബൂസ്റ്റർ ഡോസ് എങ്ങനെ ബുക്കുചെയ്യണം?
കരുതൽ ഡോസ് വാക്സിനേഷനായി വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. ആദ്യം https://www.cowin.gov.in എന്ന ലിങ്കിൽ പോവുക. നേരത്തേ രണ്ട് ഡോസ് വാക്സിനെടുത്ത ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
രണ്ട് ഡോസ് വാക്സിൻ എടുത്തതിന് താഴെ കാണുന്ന പ്രികോഷൻ ഡോസ് എന്ന ഐക്കണിന്റെ വലതുവശത്തു കാണുന്ന ഷെഡ്യൂൾ പ്രികോഷൻ ഡോസ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക. അവിടെ സെന്ററും സമയവും ബുക്കുചെയ്യാവുന്നതാണ്