കൊവിഡ് പ്രതിരോധത്തിനായി വാർഡ്തല കമ്മിറ്റികള്‍ ശക്തിപ്പെടുത്തുന്നതാണ്. എല്ലാ വാര്‍ഡുകളിലും റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) ശക്തിപ്പെടുത്തും. വ്യാപനം കൂടിയ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതാണ്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്ന സ്ഥലങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ സജ്ജമാക്കും. കുടുംബശ്രീ പ്രവര്‍ത്തകരെ കൂടി അവബോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കി വരുന്നു. ഇതുസംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.