ന്യൂഡൽഹി :കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. 50,000 രൂപ വീതമാണ് കുടുംബങ്ങൾക്ക് സഹായമായി നൽകുക എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു. കോവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങൾ മാനസികമായി തകർന്നിരിക്കുന്ന ഈ സാഹചര്യത്തിൽ സാമ്പത്തിക സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡൽഹി സർക്കാർ.
കുടുംബം പുലർത്തിയിരുന്ന ആളാണ് മരണപ്പെട്ട തെങ്കിൽ മാസം 2,500 രൂപ വീതം നൽകും. മരണങ്ങൾ അനാഥരാക്കിയ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുന്നതിനോടൊപ്പം 25 വയസ്സുവരെ മാസം 2,500 രൂപ വീതം നൽകുകയും ചെയ്യും. റേഷൻ കാർഡ് ഇല്ലാത്ത പാവപ്പെട്ടവർക്ക് സൗജന്യ റേഷൻ നൽകും. കൂടാതെ 72 ലക്ഷത്തോളം റേഷൻ കാർഡ് ഉടമകൾക്ക് 10 കിലോ ഭക്ഷ്യ ധാന്യങ്ങൾ സൗജന്യമായി നൽകുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു.