തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷകളും പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകളും മാറ്റിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. മൂന്ന്‌ലക്ഷത്തി ഇരുപതിനായിരത്തോളം വിദ്യാർത്ഥികളാണ് ഈ മാസം 31 ന് ആരംഭിക്കുന്ന പരീക്ഷ എഴുതുന്നത്. സംസ്ഥാനത്തെ നിരവധി സ്‌കൂളുകൾ കോവിഡ് ക്ലസ്റ്ററുകൾ ആയിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ പ്രാക്ടിക്കൽ പരീക്ഷകൾ അടക്കം നടത്തുന്നത് സ്ഥിതി കൂടുതൽ സങ്കീർണമാക്കുമെന്നാണ് ആക്ഷേപം.
പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഈ മാസം 31 മുതലും പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ അടുത്ത മാസം 16 മുതലുമാണ് തുടങ്ങുന്നത്. ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതാനുളള ആയിരക്കണക്കിന് കുട്ടികൾക്ക് ഇതിനോടകം രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ പരീക്ഷയുമായി മുന്നോട്ട് പോകുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
പി. എസ്.സി പരീക്ഷകളും വിവിധ സർവകാലാശാല പരീക്ഷകളും മാറ്റിവച്ചിട്ടും ഹയർസെക്കൻഡറി തലത്തിലെ പരീക്ഷകൾ മാറ്റാത്തതിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഈ പശ്ചാത്തലത്തിൽ നാളെ നടക്കുന്ന വിദ്യാഭ്യാസ വകുപ്പ് ഉന്നതതല യോഗത്തിലും വിഷയം ചർച്ചയായേക്കും.