കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മദ്യവില്‍പന ശാലകളും തുറക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ . ഇതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ ഒഴികെയുള്ള മുഴുവന്‍ സ്ഥാപനങ്ങളും നാളെയും മറ്റന്നാളും അടച്ചിടണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചു. ബാറുകളും ബെവ്‌കോ ഔട്ട്‌ലെറ്റുകളും തുറക്കില്ല.
നാളെയും മറ്റന്നാളും വീട്ടില്‍ തന്നെ നില്‍ക്കുന്ന രീതി പൊതുവില്‍ അംഗീകരിക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഈ ദിവസങ്ങള്‍ കുടുംബത്തിനായി മാറ്റിവെക്കണം.അനാവശ്യ യാത്രകളും പരിപാടികളും ഈ ദിവസങ്ങളില്‍ അനുവദനീയമല്ല. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം.
ദീര്‍ഘദൂര യാത്ര ഒഴിവാക്കണം. അവശ്യ യാത്രകള്‍ക്ക് പോകുന്നവര്‍ സ്വന്തമായി തയ്യാറാക്കിയ സത്യവാങ്മൂലം കരുതണം. ഇതിന് മാതൃകയൊന്നും ഇല്ല. ട്രെയിന്‍, വിമാന സര്‍വീസുകള്‍ സാധാരണ നിലയിലുണ്ടാവും. ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും നാളെയും മറ്റന്നാളും ഹോം ഡെലിവറി നടത്താം.