ചെന്നൈ ഐ ഐ ടിയിൽ പത്ത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസത്തിനിടെയാണ് 10 പേർക്ക് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് പടർന്ന് പിടിക്കുമോയെന്ന ആശങ്ക ശക്തമാക്കുന്നു. ഇവിടെ ഇവരെ തരമണിയിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. ജെ രാധാകൃഷ്ണനടക്കമുള്ളവർ ഐ ഐ ടി സന്ദർശിച്ച് സാഹചര്യം വിലയിരുത്തി.
രാജ്യത്ത് പ്രതിദിന കൊവിഡ് കണക്ക് തുടർച്ചയായി രണ്ടാം ദിവസവും രണ്ടായിരം കടന്നു. കൊവിഡ് വ്യാപന തോത് സൂചിക ജനുവരിക്ക് ശേഷം വീണ്ടും ഒന്നിലെത്തി. രണ്ടായിരത്തി മുന്നൂറ്റി എൺപത് പേർക്കാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം ഒരാളിൽ നിന്ന് എത്ര പേരിലേക്ക് പടരുമെന്നതിൻ്റെ തോത് സൂചിപ്പിക്കുന്ന ആർ മൂല്യം ഒരു ഇടവേളക്ക് ശേഷം വീണ്ടും ഒന്നിലെത്തിയെന്നതും ആശങ്ക വർധിപ്പിക്കുന്നതാണ്. ദില്ലിയിലാണ് നിലവിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ദില്ലിയിൽ ഇന്നലെ 1009 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.