ന്യൂഡൽഹി :രാജ്യത്ത് കോവിഡ് മൂന്നാം തരംഗ ഭീഷണി നിലനിൽക്കുന്നതിനാൽ പ്രാദേശിക സ്ഥിതി വിലയിരുത്തി ആയിരിക്കണം ലോക്ഡൗൺ ഇളവുകൾ നൽകാൻ എന്ന നിർദേശവുമായി ആഭ്യന്തരമന്ത്രാലയം.
ഇളവുകൾ നൽകിയാലും കോവിഡ് മാനദണ്ഡങ്ങളും ടെസ്റ്റ്,ട്രാക്കിങ്,ചികിത്സ, വാക്സിനേഷൻ എന്നിവ കൃത്യമായി നടക്കുന്നു എന്ന് ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങൾക്ക് കത്തയച്ചു.ടെസ്റ്റ് പോസിറ്റീവ് നിരക്ക് അഞ്ച് ശതമാനത്തിൽ കൂടുതലാണെങ്കിൽ’ മിനി ലോക്ഡൗണുകൾ ‘ഏർപ്പെടുത്തുന്നതാണ് ഫലപ്രദമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് കോവിഡ് മൂന്നാം തരംഗം 6- 8 ആഴ്ചകൾക്കുള്ളിൽ എത്തുമെന്ന എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയായുടെ മുന്നറിയിപ്പിന് പിന്നാലെയാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മിനി ലോക്ഡൗൺ നിർദ്ദേശം.
രണ്ട് തരംഗങ്ങൾ തമ്മിൽ മൂന്നു മാസത്തെ വ്യത്യാസം ഉണ്ടാകാറുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് വേഗത കൂടിയേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കോവിഡിനെ ശക്തമായി പ്രതിരോധിക്കാൻ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ’ ജാൻ ഹൈതോ ജഹാൻ ഹൈ ‘ (ജീവനുണ്ടെങ്കിലേ ലോകമുള്ളൂ )ക്യാoപെയിനും നാളെ തുടക്കമാവുകയാണ്. കോവിഡ് പ്രതിരോധത്തിനുള്ള ബോധവൽക്കരണവും,വാക്സിനേഷന്റെ പ്രാധാന്യവും ജനങ്ങളിലെത്തിക്കലാണ് ക്യാംപെയിന്റെ ലക്ഷ്യമെന്ന് മന്ത്രി മുക്താർ അബ്ബാസ് നഖ്വി അറിയിച്ചു.