Spread the love
ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ തീവ്രയജ്ഞ പരിപാടി ഇന്നു മുതൽ

മലപ്പുറം: ഫെബ്രുവരി ഒന്ന് മുതല്‍ 15 വരെയുള്ള ദിവസങ്ങളിലായി ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ തീവ്രയജ്ഞ പരിപാടി നടത്താന്‍ തീരുമാനിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. കഴിഞ്ഞ ദിവസം കായിക വകുപ്പ് മന്ത്രി അബ്ദു റഹിമാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ജില്ലയിലെ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരിച്ച് കോവിഡ് വാക്സിനേഷൻ തീവ്രയജ്ഞ പരിപാടി നടത്താന്‍ തീരുമാനിച്ചത്.

ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ ഒന്നാം ഡോസ് 96 ശതമാനം കൈവരിച്ചെങ്കിലും രണ്ടാം ഡോസ് സ്വീകരിച്ചവര്‍ 73 ശതമാനമാണ്. നിലവില്‍ ആറ് ലക്ഷത്തോളം പേര്‍ രണ്ടാം ഡോസ് സ്വീകരിക്കാന്‍ സമയമായവര്‍ ആണ്. ഇവര്‍ കൂടി രണ്ടാം ഡോസ് സ്വീകരിച്ചാല്‍ മാത്രമേ ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുകയുള്ളൂ.

15 വയസ്സ് മുതല്‍ 17 വരെയുള്ള കുട്ടികളില്‍ 56 ശതമാനം പേര്‍ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഈ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വാക്സിന്‍ നല്‍കുന്നതിന് കൂടിയാണ്‌ വാക്സിനേഷന്‍ തീവ്രയജ്ഞ പരിപാടി നടത്തുന്നത്.
വാക്സിനേഷന്‍ തീവ്രയജ്ഞ പരിപാടിയിലേക്ക് രണ്ടാം ഡോസ് സ്വീകരിക്കാന്‍ സമയമായിട്ടുള്ളവരെ എത്തിക്കുന്നതിന് ആര്‍ ആര്‍ ടി, പഞ്ചായത്ത് അംഗങ്ങൾ എന്നിവര്‍ സംയുക്തമായി പദ്ധതി തയാറക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സ്കൂള്‍ കുട്ടികള്‍ക്കും വാക്സിനേഷന്‍ നല്‍കുന്നതിന് വിദ്യഭ്യാസ വകുപ്പുമായി ചേര്‍ന്ന് വാക്സിനേഷന്‍ ക്യാമ്പുകള്‍ ഊര്‍ജ്ജിതമാക്കാനും ധാരണയായിട്ടുണ്ട്.
രജിസ്റ്റര്‍ ചെയ്ത ഗര്‍ഭിണികളില്‍ 25 ശതമാനം പേര്‍ മാത്രം കോവിഡ് വാക്സിന്‍ സ്വീകരിച്ചതായിട്ടാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2021 – 2022 കാലയളവില്‍ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ട 20 ഗര്‍ഭിണികളില്‍ ആരും തന്നെ കോവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നില്ല എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ ഒന്നാം ഡോസ് സ്വീകരിച്ചതിന് ശേഷം രണ്ടാം ഡോസ് സ്വീകരിക്കുന്നതിന് സമയമായിട്ടുള്ളവരും, 15 മുതല്‍ 18 വയസ്സ് വരെയുള്ള കൗമാരക്കാരായ കുട്ടികളും മുന്‍കരുതല്‍ ഡോസ് വാക്സിന്‍ സ്വീകരിക്കുന്നതിന് യോഗ്യരായിട്ടുള്ളവരും ഗര്‍ഭിണികളും ജില്ലയില്‍ ഫെബ്രുവരി 15 വരെ നടത്തുന്ന ഈ കോവിഡ് വാക്സിനേഷന്‍ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി എത്രയും പെട്ടെന്ന് തന്നെ വാക്സിന്‍ സ്വീകരിച്ച് സുരക്ഷിതരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Leave a Reply