Spread the love
കൊവിഡ് വൈറസിന് 2 വയസ്

ലോകത്തെ പിടിച്ച്‌ വിറപ്പിച്ച കൊവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടിട്ട് ഇന്നേക്ക് 2 വര്‍ഷം പിന്നിടുകയാണ്.
ചൈനയിലെ വുഹാനിലാണ് ആദ്യ കൊവിഡ് രോഗിയെ കണ്ടെത്തിയത്. 2019 നവംബര്‍ 17ന് ആയിരുന്നു. പിന്നീട് കൊവിഡ്19 എന്ന പേരിട്ടുവിളിച്ച രോഗം വിവിധ രാജ്യങ്ങളിലേക്കു വ്യാപിച്ചതോടെ ലോകത്തെ ബാധിച്ച ഏറ്റവും വലിയ മഹാമാരിയായി മാറി.

ലോകം മാറിമറിഞ്ഞ 2 വര്‍ഷമാണു കടന്നുപോകുന്നത്. ആഗോള രാജ്യങ്ങള്‍ ഇന്നുവരെ കാണാത്ത പ്രതിസന്ധിയുടെ കാലം കൂടിയായിരുന്നു കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍. കൊവിഡിനെ പ്രതിരോധിക്കാന്‍ സമ്ബൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ രാജ്യങ്ങളുടെ സാമ്ബത്തിക നില കൂപ്പുകുത്തി.

കൊവിഡ് വിഴുങ്ങിയ ജീവനും ജീവിതങ്ങളും ഏറെയാണ്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസഷന്റെ കണക്കുപ്രകാരം കൊവിഡ് മഹാമാരിയില്‍ ഇതുവരെ പൊലിഞ്ഞത് 5104 899 പേരുടെ ജീവനുകളാണ് (16-11-21 വരെയുള്ള നിരക്കാണിത്). പെട്ടന്ന് പൊട്ടിപ്പുറപ്പെട്ട മഹാമാരിക്ക് മുന്‍പില്‍ രാജ്യങ്ങളും അവിടത്തെ ഭരണകൂടവും പകച്ചു നില്‍ക്കുകയായിരുന്നു.

ആദ്യ ഘട്ടങ്ങളില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും വന്ന വാര്‍ത്തകള്‍ കണ്ണുനിറയാതെ കാണാന്‍ സാധിക്കില്ല. ഒറ്റപ്പെടലില്‍ വിങ്ങിപ്പൊട്ടുന്നവര്‍, ഉറ്റവരുടെ ജീവന്‍ രക്ഷിക്കുവാന്‍ ആശുപത്രികളില്‍ നിന്നും ആശുപത്രികളിലേക്ക് ഓടുന്നവര്‍, ഗത്യന്തരമില്ലാതെ ആരോഗ്യ പ്രവര്‍ത്തകരോട് ക്ഷോഭിക്കുന്നവര്‍, മരുന്നിനും ഭക്ഷണത്തിനുമായി കേണപേക്ഷിക്കുന്നവര്‍ ഇങ്ങനെ നീളുന്നു മഹാമാരിക്കാലത്തെ പൊള്ളുന്ന ഓര്‍മകള്‍.

അതേസമയം ഇന്ത്യയില്‍ ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് ജനുവരി 30ന് തൃശൂരിലാണ്. വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയിലാണ് ആദ്യമായി കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ആ സമയത്ത് ചൈനയില്‍ പടര്‍ന്നു പിടിച്ച മാരക വൈറസിനേക്കുറിച്ച്‌ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കാര്യമായി അറിഞ്ഞുവരുന്നതേയുള്ളു. തൊട്ട് പിന്നാലെ ചൈനയില്‍ നിന്നെത്തിയ മൂന്നു വിദ്യാര്‍ഥികളില്‍ കൂടി രോഗം കണ്ടെത്തി. എന്നാല്‍ ആ ഘട്ടത്തില്‍ മറ്റുള്ളവരിലേക്ക് രോഗം പടരാതെ നോക്കാന്‍ സംസ്ഥാനത്തെ ആരോ​ഗ്യ വകുപ്പിന് കഴിഞ്ഞു.

മാര്‍ച്ച്‌ എട്ടിന് ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന് രോഗം സ്ഥിരീകരിക്കുമ്ബോള്‍ കൊവിഡിന്റെ കരാള ഹസ്തങ്ങളില്‍ ഇന്ത്യയും കുടുങ്ങി എന്ന കാര്യം ഉറപ്പായി . പിന്നീട് സൂക്ഷമവും കാര്യക്ഷമവുമായ പ്രതിരോധപ്രവര്‍ത്തനങ്ങളാണ് കേരള സര്‍ക്കാരിന്റെ നേതൃത്വത്തിലുണ്ടായത്. പ്രവാസികള്‍ക്ക് വീട്ടില്‍ ക്വാറന്റീന്‍, രോഗബാധിതരുടെ സമ്ബര്‍ക്കപ്പട്ടിക തയാറാക്കല്‍ തുടങ്ങിയവയിലൂടെ കേരളം ആദ്യ ഘട്ടത്തില്‍ കൊവിഡിനെ പിടിച്ചുകെട്ടുന്നതില്‍ വിജയിക്കുകയും ലോകത്തിന്റെ മുഴുവന്‍ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.

കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രത്തിന് സംഭവിച്ച വീഴ്ചയുടെ ഫലമായി ഗംഗയിലൂടെ മൃതദേഹം ഒഴുകി നടക്കുമ്ബോഴും, കേരളം ഒരു ജീവന്‍ പോലും മഹാമാരിക്ക് വിട്ട് കൊടുക്കില്ല എന്ന ലക്ഷ്യത്തോടെ പൊരുതുകയായിരുന്നു. അതുകൊണ്ട് തന്നെ മരണനിരക്ക് ഉയരാതെ പിടിച്ചുകെട്ടാന്‍ കേരള സര്‍ക്കാരിന് സാധിച്ചു.

മഹാമാരികാലത്ത് പട്ടിണിലായ പൗരന്മാരുടെ നേരെ മോദി സര്‍ക്കാര്‍ കണ്ണടയ്ക്കുമ്ബോള്‍, ഒരാള്‍ പോലും പട്ടിണികിടക്കരുതെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ സൗജന്യ റേഷന്‍ നല്‍കുകയും, മുടക്കം വരാതെ സാമൂഹിക ക്ഷേമ പെന്‍ഷന്‍ ഉറപ്പാക്കിയതും ഏറെ ശ്രദ്ധേയമാണ്.

കൊവിഡ് ലോക രാജ്യങ്ങളെ സ്തംഭിപ്പിച്ചതുപോലെ ഇന്ത്യയെയും പ്രതിസന്ധിലാക്കിയിരുന്നു. പ്രതിരോധപ്രവര്‍ത്തങ്ങളിലെ പാളിച്ച മൂലം കേന്ദ്രം നിരന്തരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുമ്ബോഴും കാര്യക്ഷമമായ പ്രവര്‍ത്തങ്ങളിലൂടെ രാജ്യത്തിന്‍റെ യശസ് ആഗോള തലത്തില്‍ ഉയര്‍ത്തി പിടിക്കുവാന്‍ കേരളത്തിന് സാധിച്ചുവെന്നത് പ്രശംസനീയമാണ്.

Leave a Reply