നടിയുടെ ലൈംഗികാരോപണ കേസിൽ പ്രതിയായ എംഎൽഎ മുകേഷിനെ പാർട്ടി പരിപാടികളിൽ നിന്ന് വിലക്കി സിപിഎം. പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ചതോടെയാണ് മുകേഷിനെ പാർട്ടി വിലക്കിയത്. സിപിഎം സംഘടിപ്പിക്കുന്ന പരിപാടികളിലേക്ക് മുകേഷിന് ക്ഷണമുണ്ടാവില്ല. കൊല്ലം ജില്ലാ നേതൃത്വമാണ് അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയത്.
ജില്ലാ പരിപാടികളിൽ മുകേഷിനെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ജില്ലാ നേതൃത്വം. മുകേഷിനെതിരെ പീഡനപരാതി വന്നതിന് പിന്നാലെ തന്നെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം എംഎൽഎ ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു. തുടർന്നാണ് മുകേഷിനെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റിനിർത്താൻ നേതൃത്വം തീരുമാനിച്ചത്.
സംസ്ഥാന സമ്മേളനത്തിലെ ഒരു ലോഗോ പ്രകാശനത്തിനാണ് മുകേഷ് അവസാനമായി പങ്കെടുത്തത്. കഴിഞ്ഞ ദിവസം സെമിനാർ ഉൾപ്പെടെയുള്ള പരിപാടികൾ നടന്നെങ്കിലും മുകേഷ് പങ്കെടുത്തിരുന്നില്ല.
ആലുവ സ്വദേശിയായ നടിയുടെ പീഡനപരാതിയിൽ മുകേഷിനെതിരെ എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ്‌ഐടി വ്യക്തമാക്കി.