Spread the love

കോട്ടയം∙ കാണം വിറ്റാൽ പോലും ഇത്തവണ ഓണം ഉണ്ണാൻ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വിപണിയിൽ ഇടപെടാൻ സർക്കാരിന് സാധിക്കുന്നില്ല. എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയാണുള്ളത്. ഇടുക്കി ജില്ലയിലെ ശാന്തൻപാറയിൽ നിയമങ്ങൾ ലംഘിച്ച് നിർമിക്കുന്ന ജില്ലാ കമ്മിറ്റി ഓഫിസ് ഇടിച്ചുനിരത്തി കുറ്റക്കാർക്കെതിരെ കേസെടുക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു. മാസപ്പടി വിവാദത്തിൽ കള്ളപ്പണം വെളുപ്പിക്കലാണ് നടന്നതെന്നും, എന്നിട്ടും ഇഡി അന്വേഷിക്കാൻ തയാറാകാത്തത് ബിജെപി – സിപിഎം കൂട്ടുകെട്ടിന്റെ ഉദാഹരണമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു അദ്ദേഹം.ഖജനാവിൽ പണമില്ല. ബജറ്റിന് പുറത്ത് സ്ഥാപനമുണ്ടാക്കി കടമെടുത്തു. ആ കടം ഒടുവിൽ ബജറ്റിനകത്തു വന്നിരിക്കുന്നു. ഇതിനക്കുറിച്ച് പ്രതിപക്ഷം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയതാണ്. ട്രഷറിയിൽ നിന്ന് 5 ലക്ഷം പോലും കൊടുക്കുന്നില്ല. 5 ലക്ഷം കൊണ്ട് ഓട പോലും നിർമിക്കാൻ സാധിക്കില്ല. അതുപോലും നിർമിക്കാൻ സാധിക്കാത്തവരാണ് പുതുപ്പള്ളിയിൽ വികസനം ചർച്ച ചെയ്യാൻ വെല്ലുവിളിക്കുന്നതെന്ന് സതീശൻ ചൂണ്ടിക്കാട്ടി. അട്ടപ്പാടിയിൽ പ്രിൻസിപ്പലിന്റെ കസേരയുടെ പിന്നിൽ എസ്എഫ്ഐ വാഴ വച്ചു. വാഴവയ്ക്കേണ്ട സ്ഥലമുണ്ട്. എന്നാൽ അതിപ്പോൾ പറയുന്നില്ലെന്നും സതീശൻ പറഞ്ഞു.

‘‘പണ്ട് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജെസിബിയുമായി സർക്കാർ ഇടുക്കിയിലേക്ക് പോയല്ലോ. ശരിക്കും പോകേണ്ടത് ശാന്തൻപാറയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്കാണ്. നിയമവിരുദ്ധമായിട്ടാണ് അവിടെ കെട്ടിടം പണിയുന്നത്. ആ കെട്ടിടം ഇടിച്ചുനിരത്തണം, ഈ ക്രിമിനൽ കുറ്റം ചെയ്തവർക്കെതിരെ കേസെടുക്കുകയും വേണം.’

‘‘ബിജെപിയും സിപിഎമ്മും തമ്മിൽ ഒത്തുതീർപ്പാണ് നടത്തുന്നത്. കുഴൽപ്പണക്കേസിൽ സുരേന്ദ്രനെ, മുഖ്യമന്ത്രി അനുജനെപ്പോലെ ചേർത്തുനിർത്തി സംരക്ഷിച്ചു. പകൽ സർക്കാരിനെതിരെ ആഞ്ഞടിക്കുകയും രാത്രി പോയി പിണറായി വിജയന്റെ കാലു പിടിക്കുകയും ചെയ്യുന്ന ജോലിയാണ് സുരേന്ദ്രൻ ചെയ്യുന്നത്. പരസ്പരം പുറം ചൊറിഞ്ഞുകൊടുത്ത് ഒത്തുതീർപ്പാക്കുകയാണ്.’
‘‘മാസപ്പടി വിവാദത്തിലെ പ്രധാനപ്പെട്ട വിഷയം എന്താണ്? അത് കള്ളപ്പണമാണ്. ഈ കള്ളപ്പണം വെളുപ്പിച്ചെടുക്കാനാണ് കമ്പനികൾ തമ്മിൽ കരാർ ഉണ്ടാക്കിയിരിക്കുന്നത്. അവിടെ ഏതു നിയമമാണ് ലംഘിച്ചിരിക്കുന്ന്? കള്ളപ്പണ നിരോധന നിയമമാണ്. ഇവിടെ കേസെടുക്കേണ്ടത് ഇഡിയാണ്. കെ.സുധാകരനെതിരെ ബിജെപിയും സിപിഎമ്മും കൂടി ഇഡിയെക്കൊണ്ട് കേസെടുപ്പിച്ചു. മാസപ്പടി വിവാദത്തിൽ അതില്ല. ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്തു. എന്നാൽ ലൈഫ് മിഷന്റെ ചെയർമാനായ മുഖ്യമന്ത്രിക്കെതിരെ കേസില്ല. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആണ് സെക്രട്ടറി പ്രവർത്തിക്കുന്നത്.’

‘‘മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആരോപണം ഉന്നയിച്ചതുകൊണ്ടാണ് മാത്യു കുഴൽനാടനെതിരെ കേസെടുത്തിരിക്കുന്നത് എന്ന കാര്യം കൊച്ചുകുട്ടികൾക്കു പോലും അറിയാം. മാത്യു 2021ൽ സത്യവാങ്‌മൂലം കൊടുത്തതാണ്. ഇതുവരെ പ്രശ്നമൊന്നുമില്ലായിരുന്നല്ലോ? മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോൾ, കോടതി എഴുത്തള്ളിയ കേസിൽ നാലു വർഷത്തിനുശേഷം വീണ്ടും എനിക്കെതിരെ അന്വേഷണം നടത്തുകയാണ്.’ – സതീശൻ പറഞ്ഞു.

Leave a Reply