തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ അടിയന്തര യോഗം വിളിച്ച് സിപിഎം.കത്ത് പുറത്തുവിട്ട സംഭവത്തിൽ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. അതേസമയം കത്ത് വിവാദത്തിൽ മേയർ രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. കത്ത് വ്യാജമാണോ എന്ന് പരിശോധിക്കാൻ അന്വേഷണം നടക്കുമെന്ന് ആനാവൂർ നാഗപ്പൻ വ്യക്തമാക്കി. മേയർ എഴുതി എന്ന് പറയപ്പെടുന്ന കത്ത് തനിക്ക് കിട്ടിയിട്ടില്ല എന്നും സിപിഎം ജില്ലാ സെക്രട്ടറി ആവർത്തിച്ചു. അതേസമയം വിവാദ കത്ത് താൻ എഴുതിയതല്ലെന്ന് വ്യക്തമാക്കി മേയർ ആര്യ രാജേന്ദ്രൻ രംഗത്തെത്തി. പാർട്ടിക്കാണ് ആര്യാ രാജേന്ദ്രൻ വിശദീകരണം നൽകിയത്. വ്യാജ കത്തിനെതിരെ നിയമ നടപടി എടുക്കുമെന്നും ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി.