പെരിന്തൽമണ്ണ: കിഫ്ബി അധികൃതരുമായി നടത്തിയ ചർച്ചയെത്തുടർന്ന് പെരിന്തൽമണ്ണ മണ്ഡലത്തിൽ 213 കോടിയുടെ പ്രവൃത്തിക്ക് അനുമതി ലഭിച്ചതായുള്ള നജീബ് കാന്തപുരം എം.എൽ.എ.യുടെ വെളിപ്പെടുത്തൽ ജനങ്ങളുടെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്നതാണെന്ന് സി.പി.എം. ഏരിയാകമ്മിറ്റി.
ഈ പ്രവൃത്തികളിൽ മിക്കതും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടപടിക്രമങ്ങൾ പൂർത്തിയായവയാണ്. പെരിന്തൽമണ്ണ മോഡൽ സ്കൂൾ, പുലാമന്തോൾ, കുന്നക്കാവ്, ആനമങ്ങാട്, വെട്ടത്തൂർ, പെരിന്തൽമണ്ണ ഗേൾസ്, ആലിപ്പറമ്പ്, കാപ്പ് ഹൈസ്കൂളുകളും വളപുരം ഗവ. യു.പി. എന്നിവയുടെയും പ്രവൃത്തികൾക്കെല്ലാം കൂടി 31.5 കോടി രൂപ അനുവദിച്ചതാണ്. ഇവയ്ക്ക് നേരത്തേ അനുമതിയും ലഭിച്ചതാണ്.
രാമഞ്ചാടി കുടിവെള്ള പദ്ധതിക്ക് അനുവദിച്ചതായി പറയുന്നത് 120.94 കോടി രൂപയാണ്. പദ്ധതിയുടെ പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
പെരിന്തൽമണ്ണ മോഡൽ സ്കൂൾ, പുലാമന്തോൾ, കുന്നക്കാവ് എന്നീ സ്കൂളുകളിലെ കെട്ടിടങ്ങളുടെ പണി പൂർത്തിയായി ഉദ്ഘാടനം കഴിഞ്ഞതുമാണ്. വളപുരം സ്കൂളിന്റെ പ്രവൃത്തി 80 ശതമാനവും പൂർത്തിയായതാണ്. ഇവയെല്ലാം എം.എൽ.എ.യുടെ ഇടപെടലിന്റെയും ചർച്ചകളുടെയും ഫലമായി അനുവദിച്ചതാണെന്ന അവകാശവാദം ബാലിശമാണ്.
ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂളുകൾ ഹൈടെക് ആക്കുകയെന്നത് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത പരിപാടിയായതിനാൽ എം.എൽ.എ.യുടെ പ്രത്യേക ഇടപെടലിന്റെ ആവശ്യമില്ലെന്നും സി.പി.എം. ഏരിയാകമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.