ഏലംകുളം: വാര്‍ഡ് 14ലെ പട്ടുക്കുത്ത് പാലംപണി പൂര്‍ത്തിയാകുംമുമ്പേ അപ്രോച്ച് റോഡില്‍ പലയിടങ്ങളിലും വിള്ളല്‍ വീണു. മുന്‍ പെരിന്തല്‍മണ്ണ എംഎല്‍എ മഞ്ഞളാംകുഴി അലിയുടെ പ്രത്യേക താല്‍പര്യപ്രകാരം 87 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പട്ടുക്കുത്ത് തിരുത്തില്‍നിന്നും കട്ടുപ്പാറയിലേക്ക് കക്കാട്ടുതോടിന് കുറുകെ പാലം നിര്‍മ്മാണമാരംഭിച്ചത്. എന്നാല്‍ എസ്റ്റിമേറ്റ് തുക അപര്യാപ്തമായതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് അപ്രോച്ച് റോഡിന്റെ നിര്‍മാണം ധ്രുതഗതിയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പൂര്‍ത്തിയാക്കിയത്. പാലംപണിയിലുടനീളം വന്‍ അഴിമതിക്ക് കളമൊരുക്കുകയും വലിയ ഉയരത്തില്‍ കെട്ടിപ്പൊക്കിയ റോഡിന്റെ പലഭാഗങ്ങളിലായി ആഴമുള്ള വിള്ളലുകള്‍ രൂപപ്പെടുകയും ചെയ്തു. നാട്ടുകാര്‍ ഇത് കണ്ടെത്തുകയും ആരോപണമുന്നയിക്കുകയും ചെയ്തപ്പോള്‍ സിമന്റ് ചാന്ത് ഉപയോഗിച്ച് വിള്ളല്‍ അടക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് പ്രശ്‌നമായപ്പോള്‍ ജോലിക്കാരും കോണ്‍ട്രാക്റ്ററും നിര്‍മാണപ്രവര്‍ത്തി നിര്‍ത്തിവെച്ച് മടങ്ങിപ്പോയിരിക്കുകയാണ്. പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണത്തിലുള്ള അപാകതയും അഴിമതിയും പുറത്തുകൊണ്ടുവരണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നും പരിസരവാസികള്‍ അധികൃതരോട് ആവശ്യപ്പെട്ടു.