പീച്ചി ഉൽപന്നങ്ങളുടെ വിതരണത്തിന് ബ്രാൻഡ് ഉണ്ടാക്കും: റവന്യൂമന്ത്രി കെ രാജൻ
പീച്ചി കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനായി മാസ്റ്റർ പ്ലാൻ.
പീച്ചിയിൽ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതിനായി പീച്ചി ബ്രാൻഡ് ഉണ്ടാക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ.
താഴത്ത് വീട്ടിൽ ടി കെ ഭാസ്കരന്റെ
വീട്ടുവളപ്പിൽ നടന്ന സുഭിക്ഷ കേരളം ബയോഫ്ളോക്ക് മത്സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മത്സ്യകൃഷിയെ ഒല്ലൂർ കൃഷി സമൃദ്ധിയുടെ ഭാഗമാക്കി വിപണന സാധ്യത കണ്ടെത്തുമെന്നും പീച്ചി കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനായി മാസ്റ്റർ പ്ലാൻ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. വകുപ്പുകളെ സംയോജിപ്പിച്ച് ഒല്ലൂർ മണ്ഡലത്തിൽ സംയോജിത കൃഷിയുടെ വളർച്ചക്കാവശ്യമായ എല്ലാ പ്രവർത്തനങ്ങളും നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഫിഷറീസ് വകുപ്പും പാണഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായാണ് സുഭിക്ഷ കേരളം ബയോഫ്ളോക്ക് മത്സ്യകൃഷി പദ്ധതി നടപ്പിലാക്കുന്നത്.
ഫിഷറീസ് വകുപ്പിൽ നിന്ന് 18,400 രൂപയും പാണഞ്ചേരി പഞ്ചായത്തിൽ നിന്ന് 36,800 രൂപയുമാണ് മത്സ്യകൃഷിക്ക് ധനസഹായo ലഭിച്ചത്. 40 ശതമാനം സബ്സിഡി നിരക്കിൽ 13,8000 രൂപ മുതൽ മുടക്കിയാണ് കൃഷി ആരംഭിച്ചത്.
ഫിഷറീസ് വകുപ്പിൽ നിന്ന് സുഭിക്ഷ കേരളം ബയോഫ്ളോക്ക് മത്സ്യകൃഷി പദ്ധതിക്ക് രണ്ട് ദിവസത്തെ ഓൺലൈൻ
പരിശീലന ക്ലാസ് ലഭിച്ചിരുന്നു. ഗ്രാമപഞ്ചായത്തിൽ ഈ പദ്ധതി വഴിയുള്ള ആദ്യ വിളവെടുപ്പാണിത്.
മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് 6 മാസത്തിനുള്ളിലാണ് മീനുകൾ 500 ഗ്രാം തൂക്കമുള്ളതായത്. പുഴയോരം ഫിഷ് ഫാമിൽ 1250 തിലാപ്പിയ മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചിരുന്നത്.
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ അധ്യക്ഷനായ പരിപാടിയിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി മാജ ജോസ്,
പീച്ചി മത്സ്യഭവൻ ഫീഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഡോ.എം ജോയ്നി ജേക്കബ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, പ്രോജക്ട് കോ-ഓഡിനേറ്റർ- അനഘ, ഫിഷറീസ് പ്രമോട്ടർ പ്രദീപ്, വികസനകാര്യ സ്റ്റന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ ടി ജലജൻ
എന്നിവർ പങ്കെടുത്തു.