Spread the love

കൊല്ലം ∙ പൊതുമേഖലാ സ്ഥാപനമായ ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ (കെഎംഎംഎൽ) നിന്നു മലയാള മനോരമയ്ക്കു വിവരങ്ങൾ ലഭിച്ചതിനെക്കുറിച്ചു ക്രൈംബ്രാഞ്ച് അന്വേഷണം. കെഎംഎംഎൽ ഉദ്യോഗസ്ഥർക്കു നോട്ടിസ് പോലും നൽകാതെ ഭീഷണിപ്പെടുത്തി ആലപ്പുഴ ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തുന്നു.

വിരമിക്കുന്ന ഉദ്യോഗസ്ഥരെ മാനദണ്ഡങ്ങൾ മറികടന്നു കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ നടന്ന നീക്കവും മനോരമ പുറത്തുകൊണ്ടുവന്നു. കമ്പനിയിലെ ലീഗൽ ഓഫിസർ തസ്തികയിലേക്ക് ഇതേ പദവിയിൽ നിന്നു വിരമിക്കുന്ന ഉദ്യോഗസ്ഥനെ പിൻവാതിലിലൂടെ നിയമിക്കാൻ നടന്ന നീക്കം ഇതോടെ പൊളിഞ്ഞു. ഈ തസ്തികയിലേക്കു പ്രഫഷനൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താനുള്ള ശുപാർശ ഫെബ്രുവരിയിൽ ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽ അവതരിപ്പിക്കാനിരിക്കെയായിരുന്നു പിൻവാതിൽ നിയമന നീക്കം.

ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽ അവതരിപ്പിക്കാനുള്ള കുറിപ്പു സഹിതം വിവരങ്ങൾ യോഗത്തിനു മുൻപു ചോർന്നതോടെയാണു വ്യവസായ വകുപ്പിലെ ഉന്നതന്റെ നിർദേശ പ്രകാരം അന്വേഷണം ആവശ്യപ്പെട്ടു കെഎംഎംഎൽ മാനേജിങ് ഡയറക്ടർ ജെ. ചന്ദ്രബോസ് മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫിസ് ഇതു ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. കൊല്ലം ക്രൈംബ്രാഞ്ചിനെ ഒഴിവാക്കി അന്വേഷണം ആലപ്പുഴ ക്രൈംബ്രാഞ്ചിനെ ഏൽപിച്ചതിൽ ദുരൂഹതയുണ്ട്.

Leave a Reply