Spread the love
പാചകപ്പണിക്കിടെ ക്രൈംത്രില്ലര്‍!; സേതുമാധവൻെറ അക്ഷര’വേട്ട’ സൂപ്പർഹിറ്റ്

എടപ്പാൾ: മൂന്നു പതിറ്റാണ്ടിലേറെക്കാലം അടുക്കളയിലെ കരിയും പുകയും മറച്ചുകളഞ്ഞ സേതുമാധവന്റെ മനസ്സിലെ പ്രതിഭ ഇപ്പോൾ നോവലായി തിളങ്ങുന്നു. താൻ താണ്ടിയ പാതകളിലെ കാഴ്ചകളും ജീവിതാനുഭവങ്ങളും മഷി പുരണ്ടപ്പോൾ പിറവിയെടുത്ത ‘വേട്ട’ എന്ന നോവൽ സഹപ്രവർത്തകരിലും വായനക്കാരിലും വിസ്മയം തീർക്കുകയാണ്.
പുള്ളുവൻപടി സ്വദേശിയും ഹോട്ടലുകളിലെ പാചകക്കാരനുമായ സി. സേതുമാധവനാണ് (56) പാചകപ്പണിക്കിടയിലെ ഇടവേളകളിലൂടെ മനോഹരമായ ക്രൈംത്രില്ലർ പുറത്തിറക്കിയത്. നാലാം വയസ്സിൽ അച്ഛനുപേക്ഷിച്ചതുമുതൽ അമ്മയും ആറു മക്കളും പച്ചയായ ജീവിതത്തിനു മുന്നിൽ പടവെട്ടുകയായിരുന്നു. വായനശാലയിൽനിന്ന് പുസ്തകമെടുത്ത് വീടുവീടാന്തരം വിതരണം ചെയ്ത് കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് സേതു ജീവിതത്തെ അക്കാലത്ത് നേരിട്ടത്.

ഇതിനിടയിൽ സ്വയം ഒരു വായനക്കാരനായും മാറി. സെയിൽസ്മാനായും മെക്കാനിക്കായും വെൽഡറായും പല വേഷങ്ങൾ കെട്ടിയാടിയപ്പോഴും വായനയെ കൈവിട്ടില്ല. ചെന്നൈയിലെ ഹോസ്റ്റൽ മെസ്സിൽ ജോലിയിലിരിക്കെ ‘കള്ളനോട്ട്’ എന്ന ഒരു തിരക്കഥയെഴുതി കോടമ്പാക്കത്തും സാലിഗ്രാമിലുമെല്ലാം സംവിധായകരെ തേടിയലഞ്ഞു.
ഭാര്യയും കുട്ടികളുമൊക്കെയായതോടെ വയറിലെ വിശപ്പടക്കാൻ വീണ്ടും അടുക്കളയിലേക്കുതന്നെ തിരിഞ്ഞുനടന്നു. ഇതിനിടയിൽ കണ്ടതും കേട്ടതുമൊക്കെയായ കാര്യങ്ങളാണ് ക്രൈംത്രില്ലറായി ഇപ്പോൾ പുറത്തിറങ്ങിയത്. സാഹിത്യകാരൻ പി. സുരേന്ദ്രനാണ് പുസ്തകം പ്രകാശനം ചെയ്തത്. ഭാര്യ ഗീതയും മകൻ ശ്രീരാഗുമെല്ലാം അച്ഛന്റെ ത്രില്ലർ ജീവിതത്തിനൊപ്പം ചേർന്നുനടക്കുകയാണിപ്പോൾ.

Leave a Reply