സംസ്ഥാനത്തെമ്പാടും വിളനാശമുണ്ടായതായി സംസ്ഥാന കൃഷി വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. 1476.58 ഹെക്ടറിലെ കൃഷി നശിച്ചു. 28.58 കോടി രൂപയുടെ പ്രാഥമിക നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് പെയ്ത മഴയാണ് വ്യാപക കൃഷി നാശത്തിന് കാരണമായത്.
തൃശ്ശൂരിൽ 553 ഹെക്ടർ കൃഷി നശിച്ചു. 2965 കർഷകരാണ് ദുരിതം ബാധിച്ചത്. ഇവിടെ മാത്രം 9.56 കോടി രൂപയുടെ നഷ്ടമുണ്ടായി. കോട്ടയത്ത് 510 ഹെക്ടർ കൃഷി നശിച്ചു. 1018 കർഷകർക്കായി 7.73 കോടി രൂപയുടെ നഷ്ടമാണ് പ്രാഥമിക റിപ്പോർട്ടിൽ. ആലപ്പുഴയിലെ 1685 കർഷകരുടെ 50 ഹെക്ടറിലെ കൃഷി നശിച്ചത്. 1.37 കോടി രൂപയാണ് നഷ്ടം. എറണാകുളത്ത് 47.30 ഹെക്ടർ കൃഷി നശിച്ചു. 42 കർഷകർക്ക് 22 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഇടുക്കിയിൽ 22 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. 115 കർഷകരാണ് ദുരിതത്തിലായത്. 1.90 കോടി രൂപയുടെ നഷ്ടമാണ്കണക്കാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് 121.51 ഹെക്ടർ ഭൂമിയിലെ കൃഷിയാണ് നശിച്ചത്. 1550 കർഷകർ ദുരിതബാധിതരാണ്. 3.89 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. കണ്ണൂരിലാണ് ഏറ്റവും കുറവ് കൃഷിനാശമുണ്ടായത്, എട്ട് കർഷകർക്കായി 85000 രൂപയുടെ നാശമുണ്ടായെന്നുമാണ് വിലയിരുത്തൽ.