Spread the love
ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുന്നു; ഇന്ത്യയിൽ എണ്ണവിലയിൽ 9 രൂപയുടെ വർധനവുണ്ടായേക്കും

ന്യൂഡൽഹി: യുക്രൈനിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഉയരുന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 116.83 യു എസ് ഡോളറായി ഉയർന്നു. കഴിഞ്ഞ എട്ട് വർഷത്തിനിടെയുണ്ടായ ഏറ്റവും കൂടിയ നിരക്കാണിത്. 

ബുധനാഴ്ച 113.02 ഡോളറായിരുന്നു അസംസ്‌കൃത എണ്ണവില. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്റെ ആദ്യ ദിവസം എണ്ണവില ബാരലിന് 105 ഡോളറിൽ എത്തിയിരുന്നു. പിന്നാലെ തുടർന്നുള്ള ദിവസങ്ങളിൽ വില കുതിച്ചുയരുകയായിരുന്നു.

അതേസമയം എണ്ണവിലയിലെ കുതിപ്പിന് തടയിടാൻ രാജ്യന്തര തലത്തിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. അടിയന്തരാവശ്യങ്ങൾക്കുള്ള കരുതൽ ശേഖരത്തിൽ നിന്ന് 600 ലക്ഷം ബാരൽ എണ്ണ വിപണിയിലെത്തിക്കാൻ രാജ്യന്തര ഊർജ ഏജൻസി തീരുമാനിച്ചു. 

ഇന്ധനവില ഇതേ പോലെ ഉയരുകയാണെങ്കിൽ ഇന്ത്യയിൽ റീട്ടെയിൽ വിലയിൽ ഒമ്പത് രൂപയുടെ വർധനവെങ്കിലും ഉണ്ടാകുമെന്നാണ് വിദഗ്ധർ പറയുന്നത്. എക്‌സൈസ് നികുതി ലിറ്ററിന് മൂന്ന് രൂപയെങ്കിലും കുറച്ച് ഇന്ധനവില ലിറ്ററിന് 5 മുതൽ എട്ട് രൂപ വരെ വർധിപ്പിക്കാനുള്ള നീക്കമാണ് കേന്ദ്രം ആലോചിക്കുന്നത്.

Leave a Reply