ക്രിപ്‌റ്റോ കറന്‍സി ഇന്ത്യന്‍ സമ്പദ് രംഗത്തിനും മാക്രോ എകണോമിക് ഭദ്രതയ്ക്കും ഭീഷണിയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ്. സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാനുള്ള റിസര്‍വ് ബാങ്കിന്റെ കഴിവിനെ സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികള്‍ പരിമിതപ്പെടുത്തുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുയാണ് ആര്‍ ബി ഐ. ക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ആസ്തികളെ നികുതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തി ബജറ്റിലൂടെ കേന്ദ്ര സാമ്പത്തിക മന്ത്രാലയം അംഗീകാരം നല്‍കിയ പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്കിന്റെ ഈ പ്രതികരണം എന്നതാണ് ഏറെ ശ്രദ്ധേയം.
സ്വന്തം റിസ്‌കില്‍ മാത്രം ക്രിപ്‌റ്റോകറന്‍സികളില്‍ നിക്ഷേപിക്കുക എന്ന് നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടത് തന്റെ കടമയാണെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. അത്യന്തം സൂക്ഷ്മതയോടെയും കരുതലോടെയുമായിരിക്കും റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. റിസര്‍വ് ബാങ്ക് പണനയ അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശക്തികാന്ത് ദാസ്.