നിലവിലെ നിയന്ത്രണങ്ങൾക്ക് മാറ്റമില്ല; വാരാന്ത്യ ലോക്ഡൗൺ തുടരും
തിരുവനന്തപുരം : സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ ലോക്ഡൗൺ തുടരും. മുഖ്യമന്ത്രി പിണറായി വിജയൻറെ സാന്നിധ്യത്തിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിന്റെതാണ് തീരുമാനം.കോവിഡ് സ്ഥിരീകരണ നിരക്ക് ( ടിപിആർ) അടിസ്ഥാനമാക്കി തദ്ദേശസ്ഥാപനങ്ങളെ തരംതിരിച്ചു നിലവിൽ നടപ്പാക്കുന്ന നിയന്ത്രണങ്ങൾക്കും മാറ്റമില്ല.ബലിപെരുന്നാൾ പ്രമാണിച്ച് ഞായറാഴ്ച മുതൽ മൂന്നുദിവസം അനുവദിച്ച ഇളവുകൾ ഇന്നലെ അവസാനിച്ചു.ഇന്ന് ബലിപെരുന്നാൾ ആണെങ്കിലും നിയന്ത്രണങ്ങളിൽ ഇളവില്ല. മുസ്ലിം പള്ളികളിൽ 40 പേർക്ക് വരെ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പ്രവേശനം അനുവദിക്കും.ഒരാഴ്ചത്തെ ശരാശരി ടിപിആർ 10.8 % ആയി വർധിച്ചതും ഇളവുകൾക്കെതിരെ സുപ്രീം കോടതി നടത്തിയ രൂക്ഷവിമർശനവുമാണ് നിയന്ത്രണങ്ങൾ തുടരാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ ടിപിആർ ഉയരുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത് പിടിച്ചുനിർത്താൻ ജില്ലാ ഭരണകൂടങ്ങൾ ശക്തമായ നിർദ്ദേശവും നൽകി.ആരോഗ്യ,തദ്ദേശ വകുപ്പുകൾ ഊർജിതമായി ഇടപെടണമെന്ന നിർദ്ദേശവുമുണ്ട്.വാർഡുതല ഇടപെടലും മൈക്രോ കണ്ടോൺമെൻറ് നിയന്ത്രണങ്ങളും ശക്തമാക്കണം. മറ്റന്നാൾ മൂന്നുലക്ഷം അധിക പരിശോധനകൾ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ബലിപെരുന്നാളിന് മുന്നോടിയായി കേരളത്തിൽ ലോക ലോക്ഡൗൺ ഇളവുകൾ അനുവദിച്ചതിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.സമയം കഴിഞ്ഞു പോയതിനാൽ ഇളവുകൾ അനുവദിച്ചുള്ള ഉത്തരവ് റദ്ദാക്കുന്നില്ല. എന്നാൽ,കോവിഡ് വ്യാപനം ഉണ്ടാവുകയും അത് ആരെങ്കിലും കോടതിയുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്താൽ നടപടി ഉണ്ടാകുമെന്ന് ജസ്റ്റിസ് റോഹിന്റൻ നരിമാൻ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി.