വടിവാൾകൊണ്ട് കേക്ക് മുറിച്ച് ജന്‍മദിനാഘോഷം; 6 പേര്‍ അറസ്റ്റിൽ
ചെന്നൈയില്‍ വീണ്ടും വടിവാള്‍ മുനകൊണ്ട് കേക്ക് മുറിച്ചു ജന്‍മദിനാഘോഷം. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്നു നടുറോഡില്‍ ഭീതി പരത്തുന്ന രീതിയില്‍ ആഘോഷം നടത്തിയതിന് ആറുപേര്‍ അറസ്റ്റിലായി. തമിഴ്നാട്ടില്‍ ജന്‍മദിനാഘോഷം ഗ്രാന്‍റാക്കുന്ന എളുപ്പ വഴിയാണിത്. കിട്ടാവുന്നതില്‍ ഏറ്റവും നീളം കൂടിയ വടിവാള്‍ കൊണ്ടു കേക്കുമുറിക്കുക. പറ്റുമെങ്കില്‍ വാള്‍തലപ്പില്‍ തന്നെ കേക്ക് വായിലേക്കു വച്ചുനല്‍കുക. ഏറ്റവും ഒടുവിലത്തെ സംഭവം ചെന്നൈ കണ്ണകി നഗറില്‍ നിന്നാണ്.
കേക്ക് മുറിക്കുന്നവന്റെ പേരാണ് സുനില്‍. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സുനിലിന്റെ ജന്‍മദിനം. രാത്രി സുഹൃത്തുക്കളുമൊന്നിച്ചു വീടിനു സമീപത്തെ റോഡില്‍ വച്ചായിരുന്നു ആഘോഷം. മൂന്നടി നീളമുള്ള വടിവാളുപയോഗിച്ച്, സ്കൂട്ടറിനു മുകളില്‍ വച്ച കേക്ക് മുറിച്ചു. ചുറ്റും കൂടിയവര്‍ ഹാപ്പി ബര്‍ത്ത് ഡേ ആശംസിച്ചു.
സുഹൃത്തുക്കളിലൊരാള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു സമൂഹ മാധ്യമങ്ങളില്‍ സ്റ്റാറ്റസായി പോസ്റ്റ് ചെയ്തു. ഇതോടെ പണി പാളി. ദൃശ്യങ്ങള്‍ അതിവേഗം പ്രചരിച്ചു. മാസ്കിടാതെ, സാമൂഹിക അകലം പാലിക്കാതെ, ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പച്ചയ്ക്കു ലംഘിച്ചു നടുറോഡില്‍ നടന്ന ആഘോഷത്തെ കുറിച്ച് പൊലീസിനും വിവരം കിട്ടി. ദൃശ്യങ്ങളില്‍ നിന്നു തിരിച്ചറിഞ്ഞ സുനില്‍, നവീന്‍ കുമാര്‍, അപ്പു, ധനേഷ്, രാജേഷ് , കാര്‍ത്തിക് എന്നിവരെ പൊലീസ് പിടികൂടി. ആഘോഷത്തില്‍ പങ്കെടുത്ത 9 പേര്‍ക്കായി തിരച്ചിലും തുടങ്ങി. മാരാകായുധം കൈവശം വെയ്ക്കല്‍, സമുഹത്തില്‍ ഭീതി പടര്‍ത്തല്‍, പകര്‍ച്ചവ്യാധി പടര്‍ത്താന്‍ ശ്രമിക്കുക, ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കു മേല്‍ചുമത്തിയിരിക്കുന്നത്.
ഇതോടെ ജന്‍മദിനാഘോഷത്തിന്റെ മധുരം മായും മുമ്പേ സുനിലും കൂട്ടരും ജയിലിലായി. കഴിഞ്ഞ ജനുവരിയില്‍ നടന്‍ വിജയ് സേതുപതി സമാന രീതിയില്‍ ജന്മദിനാഘോഷം നടത്തിയതു കടുത്ത വിമര്‍ശനത്തിനിടയാക്കിയിരുന്നു. തുടര്‍ന്ന് നടന്‍ മാപ്പുപറയുകയും ചെയ്തു. ചെന്നൈയിലെ കുപ്രസിദ്ധ ഗുണ്ടയായ തിരുവനന്തപുരം സ്വദേശി ബിനുവാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഈരീതിയിലുള്ള ജന്‍മദിനാഘോഷം തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം സേലത്ത് ഗുണ്ടാ നേതാവിന്റെ വീട്ടില്‍ ഇരുന്നൂറിനടുത്ത് ആളുകള്‍ ചേര്‍ന്ന് സമാന രീതിയില്‍ ആഘോഷം സംഘടിപ്പിച്ചതോടെയാണ് പൊലീസ് കടുത്ത നടപടികളെടുക്കാന്‍ തുടങ്ങിയത്.