സൈബര്‍ ക്രിമിനലുകള്‍ രാജ്യത്തെ പൗരന്‍മാരുടെ വ്യക്തിഗത കമ്പ്യൂട്ടറുകളെ ലക്ഷ്യം വെക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ മുന്നറിയിപ്പ്. വിദൂര നിയന്ത്രണത്തിലൂടെ കമ്പ്യൂട്ടറുകളെ നശിപ്പിക്കാനും ഡാറ്റാ മോഷണത്തിനുമായി സൈബര്‍ കുറ്റവാളികള്‍ തന്ത്രപരമായി വിതരണം ചെയ്യപ്പെടുന്ന യു.എസ്.ബി ഉപകരണങ്ങള്‍ കമ്പ്യൂട്ടറില്‍ പ്ലഗ് ചെയ്യുമ്പോഴാണ് ഇത് വഴിയുള്ള സൈബര്‍ ആക്രമണം ഉണ്ടാകുന്നത്. കേരള പൊലീസാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
ഏതെങ്കിലും തരത്തിലുള്ള യുഎസ്ബി ഡ്രൈവുകളോ പെന്‍ഡ്രൈവുകളോ കമ്പ്യൂട്ടറില്‍ ഘടിപ്പിക്കുമ്പോള്‍ അതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അപകടകാരികളായ വൈറസുകള്‍ കമ്പ്യൂട്ടറില്‍ കടന്നുകൂടി ശേഖരിച്ചിട്ടുള്ള മുഴുവന്‍ ഡാറ്റയും നശിപ്പിച്ചു കളയുന്നു. മാത്രവുമല്ല കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം വിദൂരത്തു നിന്നു കൊണ്ട് കുറ്റവാളികള്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്നു. സൈബര്‍ ക്രിമിനലുകള്‍ക്ക് അതുവഴി കമ്പനിയുടേയോ, സ്ഥാപനത്തിന്റെയോ, ഓഫീസിന്റേയോ മുഴുവന്‍ രേഖകളും ചോര്‍ത്താന്‍ സാധിക്കുന്നു. മാത്രവുമല്ല, ഡാറ്റകള്‍ വിട്ടുകിട്ടുന്നതിന് അവര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടേക്കാം.
പ്രശസ്ത ഇ-കോമേഴ്‌സ് സ്ഥാപനങ്ങളുടെ പേരിലുള്ള സമ്മാനമായോ, ഗവണ്‍മെന്റ് ഓഫീസുകളുടെ പേരിലോ നിങ്ങള്‍ക്കോ നിങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കോ യുഎസ്ബി, പെന്‍ഡ്രൈവുകള്‍ തപാലുകള്‍ വഴിയോ, കൊറിയര്‍ കമ്പനികള്‍ വഴിയോ ലഭിച്ചേക്കാം. അപരിചിതര്‍ വഴിയോ ഓഫീസിലെ ആളുകള്‍ വഴിയോ പെന്‍ഡ്രൈവുകള്‍ കൈമാറിയും നിങ്ങളിലേക്കെത്താം. ആകര്‍ഷണീയമായ രൂപത്തില്‍ എന്നാല്‍ സാധാരണ പെന്‍ഡ്രവുപോലെ തോന്നിപ്പിക്കുമെങ്കിലും അത്, നിങ്ങളുടെ കമ്പ്യൂട്ടറുകളില്‍ ഘടിപ്പിക്കുന്നതോടെ അപകടകരമായ പ്രോഗ്രാമുകള്‍ കമ്പ്യൂട്ടറില്‍ പ്രവേശിച്ച് കമ്പ്യൂട്ടറുകളെ കീഴ്‌പ്പെടുത്തുവാനോ നശിപ്പിക്കുവാനോ അതിനു സാധിക്കും. കൂടുതല്‍ അളവില്‍ വൈദ്യുതി പ്രവഹിപ്പിച്ച് കമ്പ്യൂട്ടറുകളെ എന്നന്നേക്കുമായി നശിപ്പിച്ചുകളയാനും ഇത്തരം പ്രോഗ്രാമുകള്‍ക്ക് സാധിക്കും.
അതിനാൽ അറിയപ്പെടാത്ത സ്ഥലങ്ങളില്‍ നിന്നോ, അപരിചിതരില്‍ നിന്നോ ലഭിക്കുന്ന പെന്‍ഡ്രൈവുകള്‍ കമ്പ്യൂട്ടറില്‍ ഘടിപ്പിക്കരുത്. യുഎസ്ബി ഡ്രൈവുകള്‍ ഘടിപ്പിക്കുമ്പോള്‍ സ്വമേധയാ പ്രവര്‍ത്തിപ്പിക്കുന്ന പ്രോഗ്രാമുകള്‍ ഡിസേബിള്‍ ചെയ്യുക. നിങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ഇത്തരം സൈബര്‍ ആക്രമണ സാധ്യതകളെ സംബന്ധിച്ച് കൃത്യമായ അറിവ് നല്‍കണം. കമ്പ്യൂട്ടറുകളില്‍ കൃത്യമായ സോഫ്റ്റ് വെയര്‍ അപ്‌ഡേഷനുകള്‍ നടത്തണം. ഉചിതമായ ആന്റിവൈറസ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കണം. സൈബര്‍ കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ cybercrime.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുകയും ചെയ്യണം.