Spread the love

അബുദാബി: സൈബര്‍ ലോകത്തെ നൂതനമായ പലതരം തട്ടിപ്പുകള്‍ അനുദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ ജാഗ്രതപാലിക്കണമെന്ന് യുഎഇ പോലിസിന്റെ മുന്നറിയിപ്പ്. ഫോണ്‍ ഹാക്ക് ചെയ്യപ്പെടുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് രാജ്യത്തെ സൈബര്‍ സുരക്ഷാ കൗണ്‍സിലും ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു.

ഹാക്കര്‍മാര്‍ ഗാര്‍ഹിക സഹായ സേവനങ്ങള്‍ വാഗ്ദാനം ചെയ്താണ് ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നത്. ഹാക്കര്‍മാര്‍ അയക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഹാക്ക് ചെയ്യപ്പെടാം. വ്യാജ വെബ്‌സൈറ്റുകളില്‍ നിന്നും വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും ഇത്തരം തട്ടിപ്പ് ഓഫറുകളില്‍ വരാന്‍ സാധ്യതയുണ്ട്.

ഗാര്‍ഹിക സഹായങ്ങളോ മറ്റേതെങ്കിലും സേവനമോ വാഗ്ദാനം ചെയ്ത് സംശയാസ്പദമായ നമ്പറുകളില്‍ നിന്ന് വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കുകയോ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ 2626 800 ഡയല്‍ ചെയ്ത് അധികൃതരെ അറിയിക്കാവുന്നതാണ്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നത് തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കാന്‍ സഹായിക്കുന്നതിന് നിരവധി മാര്‍ഗനിര്‍ദേശങ്ങള്‍ അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് കൃത്യമായി പാലിക്കണമെന്നും അഭ്യര്‍ഥിച്ചു.

ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ വ്യാജമായി നിര്‍മിക്കുകയോ ഇലക്‌ട്രോണിക് പേയ്‌മെന്റ് രീതിയില്‍ കൃത്രിമം കാണിക്കുകയോ ചെയ്താല്‍ 20 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ വ്യക്തവും കര്‍ശനവുമായ നിയമങ്ങളാണ് യുഎഇയിലുള്ളത്. ജയില്‍ ശിക്ഷയ്ക്കു പുറമേ മൂന്നു മില്യണ്‍ ദിര്‍ഹം വരെ പിഴ ചുമത്താവുന്നതാണ്.

വ്യാജ ഇലക്ട്രോണിക് രേഖകള്‍ കണ്ടെത്തിയാല്‍, 2021 ലെ ഫെഡറല്‍ നിയമം നമ്പര്‍ 34ന്റെ ആര്‍ട്ടിക്കിള്‍ 14 പ്രകാരം നിയമനടപടികള്‍ നേരിടേണ്ടിവരും. യുഎഇയിലെ ഏതെങ്കിലും എമിറേറ്റ്‌സിലെ ഗവണ്‍മെന്റിന്റെ ഇലക്ട്രോണിക് രേഖകളില്‍ കൃത്രിമം കാണിച്ചാല്‍ ജയില്‍ശിക്ഷയ്ക്ക് പുറമേ 150,000 ദിര്‍ഹം മുതല്‍ 750,000 ദിര്‍ഹം വരെയാണ് പിഴ. മറ്റേതെങ്കിലും സ്ഥാപനത്തിന്റെ രേഖകളില്‍ കൃത്രിമം കാണിച്ചാല്‍, തടവുശിക്ഷ കൂടാതെ 100,000 ദിര്‍ഹം മുതല്‍ 300,000 ദിര്‍ഹം വരെ പിഴ ചുമത്തും.
സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വിവര സംവിധാനങ്ങളിലേക്ക് അനധികൃതമായി പ്രവേശിക്കുന്നതിനെതിരേയും കിംവദന്തികള്‍ പ്രചിരിപ്പിക്കുന്നത് പോലുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കുമെതിരേയും ദുബായ് പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ട്രാഫിക് പിഴയും മറ്റ് ഫീസുകളും അടയ്ക്കാന്‍ ആവശ്യപ്പെട്ട് ദുബായ് പോലിസിന്റെ പേരില്‍ ഇ-മെയില്‍ തട്ടിപ്പ് നടത്തുന്നതായി നേരത്തേ ശ്രദ്ധയില്‍പെട്ടിരുന്നു. തട്ടിപ്പുകാര്‍ അയച്ചുതരുന്ന ലിങ്കുകള്‍ വഴി പണമടയ്ക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും ദുബായ് പോലീസ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കുന്നു.കഴിഞ്ഞ മാസം ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ വാരാന്ത്യ, പൊതു അവധി ഇടപാടുകള്‍ ലക്ഷ്യമിടുന്നതായി മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാജ ചെക്ക് നല്‍കി വാഹന ഇടപാട് നടത്തിയ പരാതികള്‍ ശ്രദ്ധയില്‍പെട്ടതിനാല്‍ ഓണ്‍ലൈനില്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്നായിരുന്നു ഷാര്‍ജ പോലിസിന്റെ അറിയിപ്പ്. ബാങ്കിങ് സ്ഥാപനങ്ങള്‍ സാമ്പത്തിക ഇടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്ന വാരാന്ത്യങ്ങളും ഔദ്യോഗിക അവധിദിനങ്ങളും പ്രയോജനപ്പെടുത്തിയാണ് തട്ടിപ്പ്.

Leave a Reply