പി. ടി. തോമസിനായി ഭക്ഷണം മാറ്റി വയ്ക്കുന്നുവെന്ന് പറഞ്ഞതിന് തനിക്ക് ഹീനമായ സൈബറാക്രമണമാണ് നേരിടേണ്ടി വന്നതെന്ന് വിങ്ങിപ്പൊട്ടി യുഡിഎഫ് സ്ഥാനാർത്ഥിയായ ഉമ തോമസ്. ”ഞാനൊരു സ്ഥാനാർത്ഥിയായപ്പോൾത്തന്നെ ഒരു സ്ത്രീയെന്ന തരത്തിലുള്ള ആക്രമണം ഞാൻ നേരിട്ട് കഴിഞ്ഞു. പണ്ടെല്ലാം സ്ത്രീകൾ ഭർത്താവ് മരിച്ചുകഴിഞ്ഞാൽ ചിതയിലേക്ക് ചാടും. ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് ചാടി എന്നൊക്കെയാണ് ചിലരൊക്കെ പറഞ്ഞത്. ചിതയിലേക്ക് ചാടുന്ന തരത്തിലുള്ള സ്ത്രീകളാണ് ഇവിടെ വേണ്ടത് എന്നാണോ അവര് ചിന്തിക്കുന്നത്? നേതൃപാടവമുള്ള സ്ത്രീകൾ ഇവിടെ വരരുത് എന്നാണ് ഇടതുപക്ഷ മുന്നണി ചിന്തിക്കുന്നത് എങ്കിൽ, അവർ തിരുത്തപ്പെടേണ്ടവരാണ്. തീർച്ചയായും തെരഞ്ഞെടുപ്പൊക്കെ കഴിയും. അത് കഴിഞ്ഞാൽ എല്ലാവരും ഒരുമിച്ച് പോകണ്ടവരാണ്. അവർക്കെതിരെ, ഞാൻ പോരാടും എന്നതിൽ ഒരു സംശയവുമില്ല”, ഉമ തോമസ് പറയുന്നു. പിടിക്ക് ഞാൻ ഭക്ഷണം മാറ്റി വയ്ക്കുന്നതിനെക്കുറിച്ചാണ് വേറൊരു പരിഹാസം. അതെന്‍റെ സ്വകാര്യതയാണ്. ഞാനത് പറഞ്ഞ് വോട്ട് പിടിച്ചിട്ടില്ല. ഇത്തരത്തിൽ ഭക്ഷണം കൊടുക്കുന്നു എന്നൊന്നും പറഞ്ഞല്ല ഞാൻ വോട്ട് ചോദിച്ചത്. അതെന്‍റെ സ്വന്തം, എന്‍റെ പിടിക്ക് വേണ്ടി ഞാൻ ചെയ്യുന്ന കാര്യമാണ്. അതിലൊരാളും ഇടപെടേണ്ട ആവശ്യമില്ല. അതെനിക്കിഷ്ടമല്ല. ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് അവരുടെ പരാജയഭീതിയാണെന്ന കാര്യത്തിൽ സംശയമില്ല. ഏത് രീതിയിലാക്രമിക്കണമെന്ന് അറിയാതെ ചെയ്യുന്നതാണിതൊക്കെ. രണ്ടാം കിട എന്നല്ല, തീർത്തും താഴേക്കിടയിലുള്ള അധഃപതിച്ച പ്രവർത്തനമാണ് അവർ നടത്തുന്നത്. ഇതിനെയും പ്രോത്സാഹിപ്പിക്കാൻ ചിലരുണ്ടെങ്കിൽ ലജ്ജിക്കണം എന്നല്ലാതെ എനിക്കൊന്നും പറയാനില്ല. സ്ത്രീകളങ്ങനെ അപമാനിക്കപ്പെടേണ്ടവരല്ല”, ഉമ തോമസ് കൂട്ടിച്ചേർത്തു.