Spread the love

ടൗട്ടെ ചുഴലിക്കാറ്റ് കേരളത്തിൽ ശക്തമായ മഴയും കാറ്റും തുടരുന്നു.24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും ശക്തമായ മഴ തുടരുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട്,മലപ്പുറം,വയനാട്, ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്. തീരദേശത്തും കടലോരത്തും താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം.തീരദേശ മേഖലകളിൽ ഇന്നലെ രാവിലെ മുതൽ ശക്തമായ കടലേറ്റമാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരം പൊഴിയൂരിൽ ഇന്നലെ 13 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ശക്തമായ കാറ്റിൽ കേരളത്തിലെ മിക്കയിടങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതിബന്ധം നിലക്കുകയും ചെയ്തു.കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 16 വരെ തുടരുമെന്നതിനാൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ്ണ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്
ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.

Leave a Reply