Spread the love

പ്രിയപ്പെട്ടവരുടെ പിറന്നാളിന് പല തരത്തിലുള്ള സമ്മാനങ്ങളും സർപ്രൈസുകളും നൽകുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ മലയാളികളുടെ സ്വന്തം മോഹൻലാലിന് തികച്ചും വ്യത്യസ്തമായ ഒരു പിറന്നാൾ സമ്മാനം ഒരുക്കിയിരിക്കുകയാണ് ചിത്രകാരൻ ഡാവിഞ്ചി സുരേഷ്. ചക്ക കൊണ്ട് മോഹൻലാലിന്റെ വലിയ ചിത്രം തയാറാക്കിയാണ് ഡാവിഞ്ചി സുരേഷ് വ്യത്യസ്തമായ പിറന്നാൾ സമ്മാനം ഒരുക്കിയത്

വിവിധ ഇനങ്ങളിലും നിറങ്ങളിലുമുള്ള ചക്കച്ചുള , ചക്കക്കുരു , ചക്കപ്പോള, ചക്കമടല്‍ , അങ്ങനെ ചക്കയുടെ വിവിധ ഭാഗങ്ങൾ കൂട്ടിചേര്‍ത്താണ് മോഹൻലാലിന്റെ മുഖം തയാറാക്കിയത്. പശ്ചാത്തലത്തില്‍ പച്ചയും മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള പ്ലാവിലകളും കൂടി വച്ചതോടെ ചിത്രം പൂർത്തിയായി. അറുപത്തഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന്റെ ചിത്രമൊരുക്കിയത് 65 ഇനം പ്ലാവുകള്‍ ഉള്ള തോട്ടത്തിലാണെന്നതാണ് മറ്റൊരു കൗതുകം.

തൃശൂര്‍ വേലൂരിലെ കുറുമാല്‍കുന്ന് വര്‍ഗ്ഗീസ് തരകന്‍റെ ആയുര്‍ ജാക്ക് ഫാമിലാണ് സുരേഷ് ചിത്രമൊരുക്കിയത്. 100 മീഡിയങ്ങളിൽ 100 ചിത്രമൊരുക്കുന്ന ഡാവിഞ്ചി സുരേഷിന്റെ 97ാം മീഡിയമാണ് ചക്ക. എട്ടടി വലിപ്പത്തില്‍ രണ്ടടി ഉയരത്തില്‍ തട്ടുണ്ടാക്കി തുണി വിരിച്ച്, അതില്‍ മോഹന്‍ലാലിന്‍റെ മുഖം സ്കെച്ച് ചെയ്താണ് ചക്കച്ചുളകള്‍ നിരത്തുന്നത്. അഞ്ചു മണിക്കൂര്‍ സമയമെടുത്താണ് ചിത്രമുണ്ടാക്കിയതെന്നും ഏകദേശം ഇരുപതു ചക്കയോളം ഉപയോഗിച്ചെന്നും ഡാവിഞ്ചി സുരേഷ് പറഞ്ഞു. ചിത്രം നിർമിക്കുന്ന വീഡിയോയും ഡാവിഞ്ചി സുരേഷ് പങ്കുവച്ചിട്ടുണ്ട്.

Leave a Reply