പ്രണവ് മോഹൻലാലിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രത്തിൽ മോഹൻലാലും ഭാഗമാകുന്നതായി റിപ്പോർട്ട്. സിനിമയിൽ മോഹൻലാൽ പ്രധാന വേഷത്തിലാകുമെത്തുക. കഥ ഇഷ്ടപ്പെട്ട നടൻ സമ്മതം മൂളിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘ജനത ഗാരേജ്’, ‘ദേവര’ എന്നീ സിനിമകൾക്ക് ശേഷം കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകന്റെ മുൻ ചിത്രമായ ജനത ഗാരേജിൽ മോഹൻലാൽ പ്രധാന വേഷത്തിലെത്തിയിരുന്നു.
മോഹൻലാൽ നായകനായ ഒന്നാമൻ എന്ന സിനിമയിൽ ബാലതാരമായാണ് പ്രണവ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയിലും പ്രണവ് ഒരു അതിഥി വേഷത്തിലെത്തിയിരുന്നു. പ്രണവ് ആദ്യമായി നായകനായ ആദി എന്ന സിനിമയിൽ മോഹൻലാലും കാമിയോ റോൾ അവതരിപ്പിച്ചിരുന്നു. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിൽ പ്രണവ് ഭാഗമാകുമെന്ന റിപ്പോർട്ടുകളുമുണ്ട്.
പ്രണവ്-കൊരട്ടല ശിവ ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നതെന്ന റിപ്പോർട്ടുകളുണ്ട്. സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്നാണ് ചില തെലുങ്ക് മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നത്. ‘പുഷ്പ’, ‘പുഷ്പ 2’, ‘ജനത ഗാരേജ്’ തുടങ്ങിയ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. മറ്റൊരു തെലുങ്ക് നടനും ചിത്രത്തിലുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിലാണ് പ്രണവ് അവസാനമായി അഭിനയിച്ചത്. ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, അജു വർഗീസ്, നിവിൻ പോളി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. മികച്ച പ്രതികരണം നേടിയ ചിത്രം 80 കോടിയോളമാണ് ബോക്സ് ഓഫീസിൽ നിന്നും വാരികൂട്ടിയത്. അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും പ്രണവ് അഭിനയിക്കാൻ ഒരുങ്ങുന്നു എന്ന് മുൻപ് വാർത്തകളുണ്ടായിരുന്നു.