കോട്ടയം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയം അപ്പയുടെ 13–ാം വിജയമെന്ന് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. അപ്പയെ സ്നേഹിച്ച പുതുപ്പള്ളിക്കാരുടെ വിജയമാണിതെന്നും പുതുപ്പള്ളിയിലെ വോട്ടർമാർക്ക് നന്ദി അറിയിക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. നേതാക്കൾക്ക് ഓരോരുത്തർക്കും ചാണ്ടി ഉമ്മൻ പേരെടുത്ത് നന്ദി പറഞ്ഞു.
‘‘നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസത്തിന് ഒരിക്കലും ഭംഗം വരുത്തില്ല. വികസന തുടർച്ചയ്ക്കുവേണ്ടിയാണ് പുതുപ്പള്ളി വോട്ട് ചെയ്തിരിക്കുന്നത്. അപ്പ 53 വർഷം ഈ നാട്ടിൽ വികസനവും കരുതലുമായി ഉണ്ടായിരുന്നു. ആ വികസന തുടർച്ചയ്ക്ക് പുതുപ്പള്ളിയോടൊപ്പം ഞാനും ഉണ്ടാകും. വോട്ട് ചെയ്തവരും വോട്ട് ചെയ്യാത്തവരും എനിക്ക് സമൻമാരാണ്. പുതുപ്പള്ളിയുടെ വികസനത്തിന്, വളർച്ചയ്ക്ക് ഒരുമിച്ച് പ്രവർത്തിക്കാം’’– അദ്ദേഹം പറഞ്ഞു.‘‘ഏതൊരാൾക്കും അപ്പയുടെ അടുത്തുവന്ന പറയാൻ വിധം അദ്ദേഹം കയ്യെത്തും ദൂരത്ത് ഉണ്ടായിരുന്നു. അതുപോലെ തന്നെ ഞാനും കയ്യെത്തും ദൂരത്ത് ഉണ്ടാകും. അതിന് പാർട്ടിയോ ജാതിയോ മതമോ ഒന്നും പ്രശ്നമില്ല. നമുക്ക് ഈ നാടിനുവേണ്ടി ഒന്നിച്ച് മുന്നോട്ട് നീങ്ങാം. അപ്പ ഓരോ വീട്ടിലെയും സഹോദരനായിരുന്നു. മകനായിരുന്നു, സുഹൃത്തായിരുന്നു. അതേ സ്നേഹമാണ് എനിക്കും കിട്ടിയത്. ജനങ്ങളുടെ സ്നേഹത്തിന് നന്ദി പറയുന്നു. അപ്പ ഉണ്ടായിരുന്നതുപോലെ, മകനായി, സഹോദരനായി, സുഹൃത്തായി വഴികാട്ടിയായി ഞാനും ഉണ്ടാകും’’ – ചാണ്ടി ഉമ്മൻ പറഞ്ഞു.