ചെന്നൈ: ഗോട്ട് എന്ന ചിത്രത്തിന് ശേഷം വിജയ് ഇപ്പോള്‍ എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ദളപതി 69ൽ അഭിനയിച്ച് വരുകയാണ്. സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങും മുന്‍പുള്ള വിജയിയുടെ അവസാന ചിത്രമായിരിക്കും ഇതെന്ന് ഇതിനകം പ്രഖ്യാപിച്ചതാണ്.
ബോബി ഡിയോൾ, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, നരേൻ, പ്രിയാമണി, മമിത ബൈജു എന്നിങ്ങനെ വലിയ താരനിര തന്നെ ഈ പ്രോജക്റ്റിൽ വിജയ്ക്കൊപ്പമുണ്ട്. പൂജാ ഹെഗ്‌ഡെയാണ് നായികയായി അഭിനയിക്കുന്നത്. കെവിഎൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധാണ്.
ഈ ചിത്രത്തിനായി വിജയ്ക്ക് 200 കോടിക്ക് മുകളിലും, പൂജാ ഹെഗ്‌ഡെയ്ക്ക് 6 കോടിയുമാണ് പ്രതിഫലമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ വിജയ്‌യുടെ കഥാപാത്രം ഒരു രാഷ്ട്രീയക്കാരനെയാണ് അവതരിപ്പിക്കുന്നതെന്ന് തമിഴ് സിനിമ വൃത്തങ്ങൾ നേരത്തെ സൂചിപ്പിച്ചിരുന്നു.
കഴിഞ്ഞ മാസം പൂജാ ചടങ്ങുകളോടെയാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ ഗാന രംഗങ്ങളാണ് ഷൂട്ട് ചെയ്തത് എന്നാണ് വിവരം. ശേഖര്‍ മാസ്റ്ററാണ് ചിത്രത്തിന്‍റെ കൊറിയോഗ്രാഫറായി എത്തിയത്. ഇതിനെ തുടർന്ന് രണ്ടാം ഘട്ട ചിത്രീകരണം ഇപ്പോൾ ചെന്നൈയിൽ പുരോഗമിക്കുകയാണ്. ഇത് വിജയ്‌യുടെ അവസാന ചിത്രമായതിനാൽ വലിയ പ്രതീക്ഷകളാണ് ഈ ചിത്രത്തെ ചുറ്റിപറ്റി വരുന്നത്. തമിഴ്നാട് വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ച് സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങി കഴിഞ്ഞു വിജയ്. 2026ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് മത്സരിക്കാൻ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേ സമയം ദളപതി 69 നിര്‍മ്മാണം സാമ്പത്തിക ഞെരുക്കം നേരിടുന്നുണ്ടെന്നാണ് പുതിയ വിവരം. ചിത്രീകരണം നിർത്തിവെച്ചേക്കാവുന്ന നിലയിലേക്ക് സാമ്പത്തിക പ്രശ്നം മാറിയെന്നാണ് ചില തമിഴ് സൈറ്റുകളിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാല്‍ വലിയൊരു തുക ഫിനാഷ്യര്‍മാരില്‍ നിന്നും വാങ്ങി ഈ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം നടക്കുന്നു എന്നാണ് വിവരം.