Spread the love

നാദാപുരം : പ്രായപൂർത്തിയാകാത്ത ദലിത് പെൺ‌കുട്ടിയെ പീഡിപ്പിച്ച കേസിലെ 4 പ്രതികൾക്കു ജീവപര്യന്തവും, ഒരാൾക്കു 30 വർഷവും കഠിനതടവ്. ഒന്നാം പ്രതി മൊയിലോത്തറ തെക്കേപറമ്പത്ത് സായൂജ് (26), മൂന്നാം പ്രതി മൊയിലോത്തറ തമഞ്ഞീമ്മൽ രാഹുൽ (24), നാലാം പ്രതി കായക്കൊടി ആക്കൽ പാലോളി അക്ഷയ് (24) എന്നിവരെയാണു നാദാപുരം പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതി ജ‍ഡ്ജ് എം.സുഹൈബ് ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചത്. രണ്ടാം പ്രതി അടുക്കത്തെ പാറച്ചാലിൽ ഷിബുവിനു (36) 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണു ശിക്ഷ. ഒന്നാം പ്രതി 1,75,000 രൂപയും മൂന്നും നാലും പ്രതികൾ ഒന്നര ലക്ഷം രൂപ വീതവും പിഴ അടയ്ക്കണം. പിഴത്തുക മുഴുവൻ അതിജീവിതയ്ക്കു നൽകണം.

കുറ്റ്യാടിയിൽ‌ നിന്നു 2021 സെപ്റ്റംബർ 4നാണ് ഒന്നാം പ്രതി സായൂജ് പ്രേമം നടിച്ചു പതിനേഴുകാരിയെ വനഭൂമിയായ മരുതോങ്കര ജാനകിക്കാട്ടിലേക്കു ബൈക്കിൽ കൂട്ടിക്കൊണ്ടു പോയത്. അടുക്കത്തു നിന്നു രണ്ടാം പ്രതി ഷിബുവിനെയും ഇതേ ബൈക്കിൽ കൂടെക്കൂട്ടി. രാഹുലും അക്ഷയും മറ്റൊരു ബൈക്കിൽ ജാനകിക്കാട്ടിലെത്തി. അവിടെ വച്ചു 3 പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചതായാണു കേസ്. പിന്നീടും പല തവണ പ്രതികൾ പെൺകുട്ടിയെ പലരുമായി ശാരീരികബന്ധത്തിനു നിർബന്ധിച്ചു. അതോടെ മാനസികമായും ശാരീരികമായും തളർന്ന പെൺകുട്ടി രാത്രി കുറ്റ്യാടിപ്പുഴയിൽ ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങി പാലത്തിലെത്തിയെങ്കിലും നാട്ടുകാരും പൊലീസും ചേർന്നു രക്ഷപ്പെടുത്തുകയായിരുന്നു.

നാദാപുരം എഎസ്പി നിധിൻ രാജാണ് അന്വേഷണം നടത്തിയത്. ഡിവൈഎസ്പി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. മൂന്നു പ്രതികൾ ജാമ്യം നേടിയെങ്കിലും, ആരും ജാമ്യത്തിലെടുക്കാൻ തയാറാകാത്തതിനാൽ ഷിബു 2 വർഷമായി റിമാൻഡിലായിരുന്നു.

Leave a Reply