Spread the love

ലഹരി മാഫിയക്ക് എതിരെ മാത്രമല്ല കുട്ടികളെ അതിക്രമങ്ങളിലേക്ക് തള്ളിവിടുന്ന സാമൂഹിക സാഹചര്യങ്ങൾക്കെതിരെയും ജാഗ്രത വേണമെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യ രൂപം മാത്രമുള്ള ജീവികളായി കുട്ടികൾ മാറുന്നത് ഒഴിവാക്കണം. മാറിയ കാലത്തിന് അനുസരിച്ച് പാഠ്യപദ്ധതി പരിഷ്കരണത്തിന് ഒപ്പം കുട്ടികളിലെ സമ്മര്‍ദ്ദം കുറക്കാൻ സ്കൂളിലെ അവസാന അര മണിക്കൂര്‍ സുംബാ ഡാൻസ് അടക്കം കായിക വിനോദങ്ങൾക്ക് മാറ്റിവക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു

സമഗ്ര മേഖലയിലും ലഹരി മാഫിയ പിടിമുറുക്കി. ലഹരിക്കെതിരെ കര്‍ശന നടപടി എടുക്കുകയും ശിക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങളിൽ കേരളം മുന്നിലാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും കുട്ടികളടങ്ങുന്ന വലിയ വിഭാഗം അതിക്രമങ്ങളിലേക്കും ലഹരിയിലേക്കും തിരിയുന്നത് സാമൂഹിക സാഹചര്യങ്ങൾകൊണ്ട് കൂടിയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞ് വച്ചത്. കാലം മാറിയതിന് അനുസരിച്ച് പാഠ്യപദ്ധതിയിലെ മാറ്റത്തിൽ തുടങ്ങി രക്ഷിതാക്കളുടേയും അധ്യാപകരുടേയും ഇടപെടലുകളിലുണ്ടാകേണ്ട മാറ്റം വരെ പ്രതിപാദിച്ചായിരുന്നു പ്രസംഗം.

കുട്ടികൾ മുറിയിൽ ഒറ്റപ്പെട്ട് പോകുന്ന സാഹചര്യമാണ്. ഇത് കുട്ടികളുടെ മനസിനെ സ്വാധീനിക്കും. മയക്കുമരുന്ന് ഏജന്‍റുമാർ കുട്ടികളെ ബന്ധപ്പെടാൻ ശ്രമിക്കുന്നു. കുട്ടികളെ നാശത്തിലേക്ക് തള്ളി വിടുന്ന അപകടകാരികളായി മയക്കുമരുന്ന് ഏജന്‍റുമാർ മാറുകയാണ്. പല കുടുംബങ്ങളും ഇതിന്റെ പ്രയാസം അനുഭവിക്കുകയാണ്. മനുഷ്യ രൂപം മാത്രമുള്ള ജീവിയായി കുട്ടി മാറുന്നു. വയലൻസിന്‍റെ സ്വാധീനം കുട്ടികളിൽ കൂടുന്നു. അഭിപ്രായങ്ങളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ സമഗ്രമായ ഒരു പദ്ധതി പല തലത്തിൽ ആവിഷ്കരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്”- മുഖ്യമന്ത്രി പറയുന്നു.

അതേസമയം കുട്ടികൾ സമപ്രായക്കാരുമായി കൂട്ടുകൂടുന്നതിന് മാതാപിതാക്കൾ തടസം നിൽക്കരുതെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. നല്ല രീതിയിൽ കൂട്ട് കൂടണം. അക്രമം പ്രോത്സാഹിപ്പിക്കുന്ന റീലുകൾ, സിനിമകൾ, സംഭാഷണങ്ങൾ എന്നിവയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തണം. അറിവ് പകർന്നു കിട്ടുന്ന സൈറ്റുകളിലേക്കാണ് കുട്ടികൾ കടന്നു ചെല്ലുന്നത് എന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ഉയരുന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉള്ള സമിതി സമഗ്രമായ കര്‍മ്മ പദ്ധതി ഒരുക്കും. ലഹരി രക്ഷാ ബോധവത്കരണ പരിപാടികൾ അതിനുസരിച്ചാകും സര്‍ക്കാര്‍ ചിട്ടപ്പെടുത്തുക.

Leave a Reply