വിലക്കിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലടക്കം ഇപ്പോഴും തനിക്ക് ഭീഷണി തുടരുകയാണെന്ന് നർത്തകി മന്‍സിയ. കലയാണ് തന്‍റെ മതം, വിലക്കിന്‍റെ പേരില്‍ തനിക്ക് വേദികൾ വേണ്ടെന്നും മന്‍സിയ കൂട്ടിച്ചേർത്തു. മൻസിയ അഹിന്ദുവാണെന്ന കാരണം പറഞ്ഞാണ് കൂടൽമാണിക്യം ക്ഷേത്രക്കമ്മിറ്റി നൃത്തത്തിൽ നിന്ന് വിലക്കിയത് വിവാദമായിരുന്നു. സമാന കാരണത്താല്‍ ഗുരുവായൂരിലും അവസരം നിഷേധിക്കപ്പെട്ട വിവരവും മന്‍സിയ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രത്തു നിന്നുള്ള മന്‍സിയ ക്ഷേത്ര കലകള്‍ പഠിച്ചതിന്‍റെ പേരില്‍ ഏറെ വിവേചനം നേരിട്ട് മുസ്ലിം പെണ്‍കുട്ടിയാണ്. അമ്മ കാന്‍സര്‍ ബാധിച്ച് മരിച്ച ശേഷം കബറടക്കം അടക്കമുള്ള ചടങ്ങുകള്‍ക്ക് വിലക്കുകള്‍ മന്‍സിയയുടെ കുടുംബം നേരിട്ടിരുന്നു.