
മകള്‍ക്ക് നീതി കിട്ടി എന്ന് വിസ്മയയുടെ രക്ഷിതാക്കൾ. മറ്റാര്‍ക്കും ഈ ഗതി വരരുത്. ഈ വിധി അതിന് ഉപകരിക്കട്ടെ. കിരണ്‍ കുമാറിന് പരമാവധി ശിക്ഷ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഒപ്പം നിന്നവര്‍ക്ക് നന്ദിയുണ്ടെന്നും വിസ്മയയുടെ അമ്മ പറഞ്ഞു. നിരവധി പേരുടെ പ്രാര്‍ത്ഥനയുടെ ഫലമെന്ന് സഹോദരന്‍ വിജിത്ത് പ്രതികരിച്ചു. സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാര്‍ കുറ്റക്കാരനന്ന് പ്രഘ്യപിച്ച കോടതി ശിക്ഷ നാളെ പ്രഖ്യാപിക്കും. ഐപിസി 304 (B), ഗാർഹിക പീഡനത്തിനെതിരായ 498 (A), ആത്മഹത്യാ പ്രേരണയ്ക്കെതിരായ ഐപിസി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളും കോടതി ശരിവെച്ചു. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കിരൺ കുമാറിന്‍റെ ജാമ്യം കോടതി റദ്ദാക്കി. 42 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. 120 രേഖകളും 12 തൊണ്ടിമുതലുകളും കൂടി പരിശോധിച്ച ശേഷമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത് കേസിൽ വിധി പറഞ്ഞത്. തുടർന്ന് ഇയാളെ ജയിലിലേക്ക് മാറ്റി. 2021 ജൂണ്‍ 21 നാണ് ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.