Spread the love

കട്ടപ്പന∙ കൊല്ലപ്പെട്ട വിജയന്റെയും കുടുംബത്തിന്റെയും അന്ധവിശ്വാസം മുതലെടുത്ത് വീട്ടിൽക്കയറിക്കൂടിയ നിതീഷ് മൂലം നഷ്ടമായത് രണ്ടു ജീവനുകൾ. കാഞ്ചിയാർ പഞ്ചായത്തിലെ കക്കാട്ടുകടയിൽ വാടകയ്ക്കു താമസിക്കുന്ന വിഷ്ണുവിന്റെ പിതാവ് എൻ.ജി.വിജയൻ (57), വിഷ്ണുവിന്റെ സഹോദരിയുടെ നവജാതശിശു എന്നിവരെയാണ് നിതീഷ് കൊലപ്പെടുത്തിയത്. വിജയനെ കുഴിച്ചിട്ടെന്നു സംശയിക്കുന്ന വീടിന്റെ തറ ഇന്ന് പൊലീസ് പൊളിച്ചു പരിശോധിക്കും. വിജയന്റെ മകളിൽ നിതീഷിനുണ്ടായ ആൺകുഞ്ഞിനെ 2016 ജൂലൈയിലാണ് കൊലപ്പെടുത്തിയത്. നിതീഷും കുട്ടിയുടെ മാതാവായ യുവതിയും വിവാഹിതരല്ല. നവജാതശിശുവിന്റെ മൃതദേഹം കട്ടപ്പന സാഗര ജംക്‌ഷനിൽ ഇവർ മുൻപ് താമസിച്ചിരുന്ന വീട്ടിലെ തൊഴുത്തിൽ കുഴിച്ചിട്ടിട്ടുണ്ടെന്നാണു വിവരം. ഈ കേസിൽ വിജയനും മകൻ വിഷ്ണുവും പ്രതികളാണ്.

വിജയന്റെ മകളുടെ കൈയ്ക്കുള്ള ബുദ്ധിമുട്ട് പൂജയിലൂടെ മാറ്റാമെന്നു വിശ്വസിപ്പിച്ചാണ് നിതീഷ് ഈ കുടുംബത്തിൽ എത്തിയതെന്നാണ് അറിഞ്ഞത്‌. അതിനുശേഷം നിതീഷിന്റെ നിർദേശങ്ങൾക്കനുസരിച്ച് അവർ ജീവിതരീതി വരെ മാറ്റിയപ്പോൾ ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നുമെല്ലാം അകലം പാലിച്ചു. ഒടുവിൽ വാടകവീടുകൾ മാറിമാറി താമസിക്കാൻ തുടങ്ങിയതോടെ ഇവരെ കാണാതായെന്നു വ്യക്‌തമാക്കി ഒരു ഘട്ടത്തിൽ വിജയന്റെ സഹോദരി പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

അതിനുശേഷം കട്ടപ്പനയിൽ ഒരു ബന്ധു വിജയനെയും മറ്റും കണ്ടതായി എന്ന് പറഞ്ഞതോടെയാണ് അവർ ജീവനോടെയുണ്ടെന്ന് ബന്ധുക്കൾ മനസ്സിലാക്കിയത്. വിജയന്റെ മകൾക്ക് പ്രത്യേക ശക്തിയുണ്ടെന്നു വിശ്വസിപ്പിച്ചാണ് നിതീഷ് ഇവരെ പൊതുസമൂഹത്തിൽ നിന്ന് അകറ്റിയതെന്നാണ് വിവരം. മറ്റുള്ളവരുമായി ഇടപഴകിയാൽ ശക്തി ക്ഷയിക്കുമെന്നാണത്രേ ഇയാൾ വിശ്വസിപ്പിച്ചിരുന്നത്. വിജയനെയും കുടുംബത്തെയും എല്ലാവിധത്തിലും സ്വാധീനിക്കാൻ നിതീഷിനു സാധിച്ചത് പൂജകളിലും മറ്റു മുള്ള ചെറിയ അറിവും അവരുടെ അന്ധവിശ്വാസവും മൂലമാണ്. രണ്ടുപേരുടെ ജീവൻ നഷ്ട‌മായിട്ടും അക്കാര്യങ്ങൾ പുറത്തുവരാതിരുന്നതും ഈ കുടുംബത്തിന്റെ അന്ധവിശ്വാസത്തിന്റെ ഭാഗമാണെന്നാണ് പറയുന്നത്.
വിജയന്റെയും കുടുംബത്തിൻറെയും വീടും സ്‌ഥലവും വൻ തുകയ്ക്ക് വിറ്റതായി വിവരമുണ്ടെങ്കിലും ആ പണം എന്തു ചെയ്തെന്ന കാര്യത്തിൽ അവ്യക്‌തതയുണ്ട്. ആ പണം മുഴുവൻ ചെലവായെന്നാണ് നിതീഷിൽ നിന്ന് പൊലീസിനു ലഭിച്ച സൂചനയെന്നാണ് വിവരം.

Leave a Reply