
ലോകകപ്പ് ഫുട്‌ബാള്‍ മാമാങ്കത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഗ്രാമങ്ങളില്‍ ആവേശം കൊഴുക്കുന്നു.
ക്ലബുകളിലും വഴിയോരങ്ങളിലും ഇഷ്ടതാരങ്ങളുടെ കൂറ്റന്‍ കട്ടൗട്ടുകളും ഫ്ലക്സ് ബോര്‍ഡുകളും നിരന്ന് തുടങ്ങി. ഗ്രാമപാതകളില്‍ വിവിധ ടീമുകളുടെ ജഴ്‌സികള്‍ ഉള്‍പ്പെടെ വില്‍പനക്കുണ്ട്. 32 ടീമുകള്‍ എട്ട് ഗ്രൂപ്പുകളിലായി മാറ്റുരക്കുന്ന ലോകകപ്പിനായി, ഇഷ്ടടീമിന്‍റെയും താരത്തിന്‍റെയും ജഴ്‌സിയണിഞ്ഞ് മാസങ്ങള്‍ക്ക് മുമ്ബുതന്നെ കാത്തിരിക്കുന്നവരാണ് ആരാധകര്‍. ബ്രസീല്‍, അര്‍ജന്റീന ടീമുകളുടെ ജഴ്‌സികള്‍ക്കും കൊടികള്‍ക്കുമാണ് ഇത്തവണയും ആവശ്യക്കാരേറെ.
ലോകകപ്പ് അടുക്കുംതോറും മറ്റ് ടീമുകളുടെ ജഴ്‌സികള്‍ക്കും ആവശ്യക്കാരെത്തുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. ക്ലബുകളിലും കവലകളിലും സൗഹാര്‍ദ വെല്ലുവിളികളും തുടങ്ങിക്കഴിഞ്ഞു. അടുത്തമാസം 21നാണ് ഖത്തറില്‍ ഫുട്‌ബാള്‍ മാമാങ്കത്തിന് തുടക്കമാകുന്നത്.