Spread the love

മാലാഖയായി ഡി മരിയ ; കോപ്പ അമേരിക്കയിൽ മുത്തമിട്ട് അർജന്‍റീന

മാരക്കാനയിൽ നടന്ന കോപ്പ അമേരിക്ക സ്വപ്ന ഫൈനലിൽ അർജന്റീനിയൻ തേരോട്ടം.
ഒരിക്കൽ കൂടി മാരക്കന ബ്രസീലിന് മരണക്കാനയായി. ഏയ്ഞ്ചൽ ഡി മരിയ നേടിയ
ഏകപക്ഷീയമായ ഒരു ഗോളിന്‍റെ മികവിലാണ് അർജന്റീന
കപ്പടിച്ചത്. ബ്രസീൽ പ്രതിരോധത്തെ നിഷ്പ്രഭമാക്കി, കളിയിലുടനീളം
വ്യക്തമായ ആധിപത്യം പുലർത്തിയാണ് അർജന്റീന ജേതാക്കളായത്. ബ്രസീൽ നേടിയ
ഗോളാവട്ടെ ഓഫ്സൈഡ് ആയിരുന്നു.

1993ന് ശേഷം ആദ്യമായാണ് അർജന്റീനയുടെ കിരീട വരൾച്ചക്ക് വിരാമമാവുന്നത്.
അത് കോപ്പ അമേരിക്കയുടെ രൂപത്തിൽ, ചിരവൈരികളായ ബ്രസീലിയൻ മണ്ണിൽ ആവുമ്പോൾ
ഇരട്ടി മധുരവും. ഫുട്ബാൾ ഇതിഹാസമെന്ന് വാഴ്ത്തുന്ന മെസിക്ക് സ്വന്തം
രാജ്യത്തിനായി കിരീടം നേടിക്കൊടുക്കാനായില്ലെന്ന പരിഹാസത്തിനും ഇതോടെ
മുനയൊടിയുകയാണ്. ടൂർണമെന്റിൽ പതിനഞ്ചാം കിരീടവുമായി
ഉറുഗ്വേയുടെ റെക്കോർഡിന് ഒപ്പവും അർജന്റീനയെത്തി.

കലാശപ്പോരാട്ടത്തിന്‍റെ ആദ്യ മിനിറ്റ് മുതൽ പരുക്കൻ അടവുകളാണ് കണ്ടത്. ആദ്യ മിനിറ്റുകളിൽ
തന്നെ ബ്രസീൽ താരത്തിന് മഞ്ഞക്കാർഡ്. അവിടെ മുതൽ ബ്രസീലിന് എല്ലാം പിഴച്ചു. സെമിഫൈനൽ
ടീമിൽ നിന്നും അഞ്ച് മാറ്റങ്ങളുമായി ഇറങ്ങിയ അർജന്റീന ടീമിന്‍റെ സ്റ്റാർട്ടിങ് ഇവലനിലേക്ക്
ഡിമരിയയെ തിരിച്ചുവിളിച്ച സ്കലോണിയുടെ തന്ത്രം തന്നെയാണ് ഫലം കണ്ടത്.

22ആം മിനിറ്റിന് തൊട്ടുമുന്നേ സ്വന്തം ബോക്സിൽ റോഡ്രിഗോ ഡി പോളിന്‍റെ കാലുകളിൽ പന്ത്
എത്തുന്നു. നാല് ചുവട് നീക്കം. ലോങ് പാസ്. ഓഫ് സൈഡ് കെണിയിൽ കുടുങ്ങാതെ
വലതു വിങ്ങിൽ കാത്തു നിന്ന ഏയ്ഞ്ചൽ ഡി മരിയയുടെ കാലുകൾ മായാജലം തീർത്തു. മാർക്ക് ചെയ്യാൻ
നിന്ന റെനാൻ ലോധിയുടെ ഗുരുതര പിഴവ് അർജന്റീന മുതലാക്കിയപ്പോൾ
ബ്രസീലിന് കൊടുക്കേണ്ടി വന്നത് വലിയ വില.

ഗോൾ വീണതോടെ ഫൈനലിനൊത്ത വിധം കാലുകൾക്ക് തീപിടിട്ടു. ഫുട്ബാൾ ആരാധകരുടെ
നെഞ്ചിടിപ്പേറ്റി ആക്രമണ പ്രത്യാക്രമണങ്ങൾ. ഗോളിനായി കാനറികൾ ദാഹിച്ചു. നെയ്മറെ ഫൗൾ ചെയ്തതിന്
33ആം മിനിറ്റിൽ പരേഡസിന് മഞ്ഞക്കാർഡ്. പക്ഷേ ബോക്സിന് തൊട്ടുപുറത്ത് നിന്നുള്ള നെയ്മറിന്റെ
ഫ്രീകിക്ക് അർജന്റീനിയൻ പ്രതിരോധക്കോട്ടക്ക് മുന്നിൽ തട്ടിത്തക‍ർന്നു.43ആം മിനിറ്റിൽ എവർട്ടന്‍റെ നീക്കം,
കൈപിടിയിലൊതുക്കി മാർട്ടിനസ് ബ്രസീലിനെ വീണ്ടും നിരാശപ്പെടുത്തി.

ഫ്രഡിന് പകരം ഫെർമിനോയുമായി രണ്ടാം പകുതിയിൽ ബ്രസീൽ ആദ്യ പരീക്ഷണം തുടങ്ങി. 53ആം മിനിറ്റിൽ
റിച്ചാർലിസൺ ഗേളടിച്ചെങ്കിലും ഓഫ് സൈഡ് കുരുക്കിൽ സമനില സ്വപ്നം പൊലിഞ്ഞു. പിന്നെയും റിച്ചാർലിസൺ
ശ്രമം നടത്തിയെങ്കിലും ഗോളി മാർട്ടിനസ് അർജന്റീനിയൻ രക്ഷകനായി. 62ആം മിനിറ്റിൽ കിട്ടിയ
ഫ്രീ കിക്ക് മുതലാക്കാൻ മെസിക്ക് സാധിച്ചില്ല. ഫൈനലിൽ മെസിയുടെ ഗോൾ എന്ന് ആർപ്പുവിളിച്ച ആരാധകരെ
ഫുട്ബാൾ മിശിഹ നിരാശപ്പെടുത്തി.

ഒരു ഗോൾ ലക്ഷ്യമിട്ട് ബ്രസീൽ കളിക്കാരെ മാറ്റി പരീക്ഷിച്ച് പല തന്ത്രങ്ങളും പയറ്റി. എന്നാൽ അവസാന പത്ത് മിനിറ്റ്
പൂർണമായും പ്രതിരോധത്തിലേക്ക് മാറിയതോടെ എല്ലാ ശ്രമങ്ങളും പരാജയമായി. 83ആം മിനിറ്റിൽ ബാർബോസയുടെ
മുന്നേറ്റം കോർണറിൽ അവസാനിച്ചു. വീണ്ടും കോർണർ കിട്ടിയെങ്കിലും ബ്രസീലിന് അവസരം മുതലാക്കാനായില്ല.
87ആം മിനിറ്റിൽ വീണ്ടും ബാർബോസയുടെ നീക്കം, ഗോളി മാർട്ടിനസ് കൈപിടിയിലൊതുക്കിയതോടെ ബ്രസീലിന്‍റെ
എല്ലാ സ്വപ്നങ്ങളും പൊലിയുകയായിരുന്നു.

89ആം മിനിറ്റിൽ വിമർശകർക്ക് മറുപടി നൽകാനും മികവ് തെളിയിക്കാനും മെസിക്ക് ഒരു ഓപ്പൺ ചാൻസ്
കിട്ടി. പക്ഷേ ഗോളാക്കി മാറ്റാൻ അദ്ദേഹത്തിനായില്ല. ആശ്വാസ സമനില ഗോളിനായി അവസാന മിനിറ്റിലെ
ബ്രസീൽ നീക്കവും വെറുതെയായി. അങ്ങനെ വർഷങ്ങൾക്ക് ശേഷം ഏയ്ഞ്ചൽ ഡി മരിയയുടെയും ഗോളി എമിലിയാനോ
മാർട്ടിനസിന്റെയും
ചിറകിലേറി അർജന്റീന ജേതാക്കളായി. ഗോൾ നേടാനായില്ലെങ്കിലും കരിയറിൽ ,ലയണൽ മെസിക്കും ഇത് പൊൻ തൂവൽ തന്നെ.

Leave a Reply