
കാണ്‍പുര്‍: ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ഉണ്ടാക്കുന്നവര്‍ക്കൊപ്പം വിഷ പാമ്പുമായി പോസ് ചെയ്തയാള്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍ പ്രദേശിലാണ് സംഭവം. റീല്‍സ് ഷൂട്ട് ചെയ്യുന്നതിനായി വിഷ പാമ്പിനെ കഴുത്തിലിട്ട് പോസ് ചെയ്തപ്പോഴാണ് അമ്പത്തിയഞ്ചുകാരന് കടിയേറ്റത്. ഉന്നാവോ ജില്ലയിലെ ഔരാസ് പ്രദേശത്ത് വെള്ളിയാഴ്ചയാണ് സംഭവം. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാമ്പിനൊപ്പം റീല്‍സ് എടുക്കുന്നതിനിടെ കടിയേറ്റെന്ന് മനസിലായി ബഹളം വച്ചതോടെ നാട്ടുകാര്‍ പാഞ്ഞെത്തി.
ഉടന്‍ തന്നെ ഇവര്‍ സമീപമുള്ള ആശുപത്രിയിലേക്ക് എത്തിച്ചു. ഇവിടെ നിന്ന് വിദഗ്ധ ചികിത്സ നല്‍കുന്നതിനായി ലക്‌നോയിലെ കിംഗ് ജോര്‍ജ്‌സ് മെഡിക്കല്‍ സര്‍വകലാശാലയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. 55 വയസുകാരനായ ബജ്‍രംഗി സാധുവാണ് മരണപ്പെട്ടത്. ലക്നോയിലെ കഖോരിയിലെ ബനിയ ഖേര സ്വദേശിയാണ് ബജ്‍രംഗി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം ഭാവന ഖേര ഗ്രാമത്തിലാണ് താമസിക്കുന്നത്.
കൈവണ്ടിയിൽ സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കുന്ന ജോലിയാണ് അദ്ദേഹം ചെയ്തിരുന്നത്. വെള്ളിയാഴ്ച സുബൈദാര്‍ എന്നയാളുടെ പഞ്ചര്‍ കടയില്‍ പാമ്പിനെ കണ്ടെത്തി. വടി കൊണ്ട് പാമ്പിനെ അടിച്ച് കൊല്ലാന്‍ സുബൈദാര്‍ ശ്രമിക്കുമ്പോഴാണ് ബജ്‍രംഗി ഇടപ്പെട്ടത്. പാമ്പിനെ കൊല്ലുന്നതിലൂടെ പാപം ക്ഷണിച്ചു വരുത്തരുതെന്ന് ബജ്‍രംഗി സുബൈദാറിനോട് പറഞ്ഞു.
തുടര്‍ന്ന് പാമ്പിനെ ബജ്‍രംഗി പെട്ടിയിലുമാക്കി. ഇതില്‍ കൗതുകം തോന്നിയ ചിലര്‍ ചേര്‍ന്നാണ് റീല്‍സ് ഉണ്ടാക്കുന്നതിനായി പാമ്പിനെ പുറത്തെടുക്കാന്‍ അഭ്യര്‍ത്ഥിച്ചത്. ഇതോടെ പാമ്പുമായി ബജ്‍രംഗി വീഡിയോയ്ക്ക് പോസ് ചെയ്യാന്‍ തുടങ്ങി. പാമ്പിന്‍റെ വായ തുറക്കാതിരിക്കാന്‍ കൈ കൊണ്ട് മുറിക്കെ പിടിച്ചാണ് ബജ്‍രംഗി പോസ് ചെയ്തത്. ഇതിനിടെ പാമ്പ് ബജ്‍രംഗിയെ കടിക്കുകയായിരുന്നു.