ലണ്ടൻ : കോവിഡിനേക്കാൾ മാരകമായ ആഗോള മഹാമാരിയായി പുതിയ ‘ഡിസീസ് എക്സ്’ മാറിയേക്കുമെന്നു മുന്നറിയിപ്പ്. യുകെ വാക്സീൻ ടാസ്ക് ഫോഴ്സ് മേധാവിയായിരുന്ന ആരോഗ്യവിദഗ്ധ കേറ്റ് ബിങ്ങാം ആണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ലോകാരോഗ്യ സംഘടനയാണ് പുതിയ രോഗാണുവിന് ‘ഡിസീസ് എക്സ്’ എന്നു പേരിട്ടത്.
‘‘പുതിയ രോഗാണു വൈറസോ ബാക്ടീരിയയോ ഫംഗസോ എന്നു സ്ഥിരീകരണമില്ല. രോഗത്തിനെതിരെ ചികിത്സകളൊന്നും നിലവിൽ ഇല്ലെന്നതും ആശങ്കയാണ്. 1918–20 കാലഘട്ടത്തിൽ പടർന്നുപിടിച്ച സ്പാനിഷ് ഫ്ലൂ പോലെ കടുപ്പമേറിയതാകും ‘ഡിസീസ് എക്സ്’ എന്നാണു കരുതുന്നത്. അന്നു ലോകമാകെ 50 ദശലക്ഷം ആളുകളാണു മരിച്ചത്. അതുപോലെ ഭീകരമാകും പുതിയ രോഗവും.
ഇതിനെ നേരിടാൻ കൂട്ട വാക്സിനേഷനായും ഡോസുകൾ റെക്കോർഡ് സമയത്തിൽ കൈമാറാനായും ലോകം തയാറെടുക്കണം. ഇതുവരെ ശാസ്ത്രജ്ഞർ ആകെ 25 വൈറസ് ഫാമിലിയെയാണു തിരിച്ചറിഞ്ഞിട്ടുള്ളത്. തിരിച്ചറിയപ്പെടാത്ത ഒരു ദശലക്ഷത്തിലേറെ വേരിയന്റുകളുണ്ട്. ഒരു സ്പീഷിസിൽനിന്നു മറ്റൊന്നിലേക്ക് രോഗം പരത്താൻ ശേഷിയുള്ളവയും കൂട്ടത്തിലുണ്ടാകും.’’– രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കേറ്റ് ബിങ്ങാം പറഞ്ഞു.
ആധുനിക ജീവിതത്തിനും ലോകക്രമത്തിനും മനുഷ്യർ നൽകുന്ന വിലയാണു മഹാമാരികളുടെ വർധനയെന്നും അവർ അഭിപ്രായപ്പെട്ടു. ആഗോളവൽക്കരണത്തിന്റെ ഭാഗമായി രാജ്യങ്ങൾ ബന്ധപ്പെട്ടിരിക്കുന്നതിനാൽ രോഗങ്ങൾ വേഗത്തിൽ എല്ലായിടത്തുമെത്തും. കൂടുതൽ ആളുകൾ നഗരങ്ങളിലേക്കു ചേക്കറുന്നതും ജനങ്ങളുടെ സമ്പർക്കം കൂടുന്നതും രോഗവ്യാപനത്തിന് ആക്കം കൂട്ടുന്നു. വനനശീകരണം, ആധുനിക കൃഷിരീതികൾ, കോൾനിലങ്ങളുടെ തകർച്ച തുടങ്ങിയവ വൈറസുകളുടെ വ്യാപനത്തിനു കാരണമാണ്– കേറ്റ് ബിങ്ങാം ചൂണ്ടിക്കാട്ടി.