തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖത്തേക്കുപോയ ടിപ്പർ ലോറിയിൽനിന്നു കരിങ്കല്ലു തെറിച്ചുവീണ് ബിഡിഎസ് വിദ്യാർഥി മരിച്ച സംഭവത്തിൽ അന്വേഷണം. അപകടത്തെപ്പറ്റി വിശദമായി അന്വേഷിച്ചു റിപ്പോർട്ട് നൽകണമെന്നു ജില്ലാ കലക്ടർക്കു സർക്കാർ നിർദേശിച്ചു. റിപ്പോർട്ട് കിട്ടിയാൽ കർശന നടപടി ഉണ്ടാകുമെന്നും മരിച്ച അനന്തുവിന്റെ കുടുംബത്തിന് അർഹമായ സഹായം നൽകുമെന്നും വീട് സന്ദർശിച്ചശേഷം മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മന്ത്രി ജി.ആർ.അനിൽ, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ എന്നിവരും അനന്തുവിന്റെ വീട്ടിലെത്തിയിരുന്നു.
‘‘അനന്തുവിന്റെ വേർപാട് മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ദുഃഖകരമായ സംഭവമാണിത്. വിഴിഞ്ഞം രാജ്യാന്തര തുറമുഖവുമായി ബന്ധപ്പെട്ട എല്ലാ നിർമാണ പ്രവർത്തനങ്ങളിലും നിർബന്ധമായും തൊഴിൽ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. ഇതുപോലെ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണു നാട്ടുകാർ പറയുന്നത്. അന്വേഷണം നടത്താൻ കലക്ടറെ ചുമതലപ്പെടുത്തി. റിപ്പോർട്ട് കിട്ടിയാൽ കർശന നടപടി ഉണ്ടാകും.
അനന്തുവിന്റെ കുടുംബത്തെ സഹായിക്കുന്നതിന് അദാനിയുടെ കമ്പനി തയാറാകണം. ബിഡിഎസ് വിദ്യാർഥിയായ അനന്തു കുടുംബത്തിന്റെ പ്രതീക്ഷയാണ്. അതുകൂടി പരിഗണിച്ചു കൊണ്ടാകണം അദാനി ഗ്രൂപ്പ് നഷ്ടപരിഹാരം നൽകേണ്ടത്. വിഴിഞ്ഞം തുറമുഖ നിർമാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ ജനങ്ങളുടെ സുരക്ഷാ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ല. സർക്കാരിനു എങ്ങനെ സഹായിക്കാനാകുമെന്നതു മുഖ്യമന്ത്രിയുമായി സംസാരിക്കും.’’– ശിവൻകുട്ടി മാധ്യമങ്ങളോടു അറിയിച്ചു.
അനന്തുവിന്റെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ചപ്പോൾ നാട്ടുകാർ ഒന്നടങ്കം ആദരാഞ്ജലി അർപ്പിച്ചു. അധികൃതരുടെ അനാസ്ഥയാണ് അനന്തുവിന്റെ ജീവനെടുത്തതെന്നു നാട്ടുകാർ ആരോപിച്ചു. അമിതലോഡുമായി അമിതവേഗത്തിൽ പോകുന്ന ടിപ്പർ ലോറികൾ മൂലമുള്ള അപകടങ്ങൾ പതിവാണെന്നു നാട്ടുകാർ അറിയിച്ചു. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് അമിതലോഡുമായി പോയ ടിപ്പർ ലോറിയിൽനിന്നു കരിങ്കല്ലു തെറിച്ചുവീണാണ് അനന്തു ബി.അജികുമാർ (26) മരിച്ചത്. വിഴിഞ്ഞം മുക്കോല–ബാലരാമപുരം റോഡിൽ മണലിയിൽ ഇന്നലെ രാവിലെയായിരുന്നു അപകടം. അനന്തുവിന്റെ വീട്ടിൽനിന്ന് 500 മീറ്റർ മാത്രം അകലെവച്ചാണു അപകടം.
നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ 4–ാം വർഷ ബിഡിഎസ് വിദ്യാർഥിയായ അനന്തു കോളജിലേക്കു പോകുകയായിരുന്നു. ടിപ്പർ ലോറിയിൽനിന്നു കരിങ്കല്ല് തെറിച്ച് അനന്തുവിന്റെ തലയിൽ വീണെന്നു പൊലീസ് അറിയിച്ചു. ഇതേത്തുടർന്നു നിയന്ത്രണം വിട്ട സ്കൂട്ടർ അടുത്തുള്ള മതിലിൽ ഇടിച്ചുനിന്നു. ഹെൽമറ്റ് തകർന്ന നിലയിലായിരുന്നു. പരുക്കേറ്റ അനന്തുവിനെ നിംസ് മെഡിസിറ്റിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും ഉച്ചയോടെ മരിച്ചു.