Spread the love

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് പുതിയ വധഭീഷണി. രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മുംബൈ ട്രാഫിക് പൊലീസിലാണ് പുതിയ ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ മുംബൈയിലെ വർളി സ്വദേശിയായ യുവാവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് കോടി രൂപ നൽകിയില്ലെങ്കിൽ സൽമാനെ കൊലപ്പെടുത്തുമെന്നാണ് സന്ദേശത്തിൽ പറയുന്നത്.

കഴിഞ്ഞ ദിവസം സൽമാൻ ഖാന് നേരെ വധഭീഷണി മുഴക്കിയയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈ നോയിഡ സ്വദേശിയായ മുഹമ്മദ് തയ്യബാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട ബാബ സിദ്ദിഖിന്റെ മകൻ സിഷൻ സിദ്ദിഖിനും സൽമാൻ ഖാനും നേരെയാണ് യുവാവ് വധഭീഷണി സന്ദേശം അയച്ചത്. പണം നൽകിയില്ലെങ്കിൽ ഇരുവരെയും വധിക്കുമെന്നായിരുന്നു ഭീഷണി.

സിഷാൻ സിദ്ദിഖിയുടെ ഓഫീസിലേക്കാണ് വധഭീഷണി സന്ദേശം എത്തിയത്. മുംബൈ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്. എന്നാൽ, വധഭീഷണി സന്ദേശം അയച്ചത് ദുരുദ്ദേശത്തോടെയല്ലെന്നാണ് മുഹമ്മദ് തയ്യബിന്റെ കുടുംബം പറയുന്നത്. തമാശയ്‌ക്കാണ് മകൻ ഇത് ചെയ്തതെന്നും വിഡ്ഢിത്തമായി പോയിയെന്നും മുഹമ്മദ് തയ്യബിന്റെ അമ്മ പ്രതികരിച്ചു.

നേരത്തെയും സൽമാൻ ഖാന് നേരെ വധഭീഷണിയുണ്ടായിരുന്നു. ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കണമെങ്കിൽ അഞ്ച് കോടി രൂപ നൽകണമെന്നും ഇല്ലെങ്കിൽ, അവസ്ഥ ബാബ സിദ്ദിഖിയെക്കാൾ മോശമാകുമെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. അതേസമയം, ബാബ സിദ്ദിഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply