ഗുരുതര ആരോപണങ്ങളുമായി ടാങ്കര്‍ ലോറിയിലേക്ക് കാറിടിച്ച് കയറ്റി ജീവനൊടുക്കിയ പ്രകാശ് ദേവരാജൻ്റെ മരണ കുറിപ്പ്. ടാങ്കർ ലോറിയിൽ കാർ ഇടിപ്പിച്ചാണ് നെടുമങ്ങാട് നല്ലമ്പ്രക്കോണം സ്വദേശി പ്രകാശ് ദേവരാജൻ, മകൻ ശിവദേവ് (12) എന്നിവർ മരിച്ചത്. ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം. അച്ഛനോടും അനിയനോടും പൊറുക്കണം മക്കളേ- എന്നു മകൾ കാവ്യയോട് മാപ്പ് ചോദിച്ചുകൊണ്ട് പ്രകാശ് കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. തങ്ങളുടെ മരണത്തിന് കാരണം ഭാര്യ ശിവകലയും ഇവരുടെ സുഹൃത്തുക്കളായ വിളപ്പിൽശാല സ്വദേശി അനീഷ്, ദുബൈയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഉണ്ണി, ബഹ്റൈനിൽ ഡാൻസ് സ്കൂൾ നടത്തുന്ന മുനീർ, അനീഷിൻ്റെ അമ്മ പ്രസന്ന എന്നിവർ ആണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. തന്നെയും മക്കളെയും ഭാര്യ ഉൾപ്പെടുന്ന നാലുപേർ മാനസികമായും സാമ്പത്തികമായും ഒത്തിരി ദ്രോഹിച്ചുവെന്നും തന്നെ ലക്ഷകണക്കിന് രൂപയുടെ കടക്കാരൻ ആക്കിയെന്നും കത്തിൽ പ്രകാശ് പറയുന്നു. ഇവർക്ക് എതിരെ എന്ത് നിയമ നടപടി സ്വീകരിക്കാൻ കഴിയും എന്ന് തനിക്ക് അറിയില്ല എന്ത് തന്നെ ആയാലും നിയമവും ഭരണ സംവിധാനവും ഉപയോഗിച്ച് ഇവരെ നാട്ടിൽ എത്തിച്ചു അവർക്ക് അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടുമെന്ന് താനും മകനും കരുതുന്നു എന്ന് പ്രകാശ് പറയുന്നു. രാത്രി 10.59 ഓടെയാണ് പ്രകാശ് ആത്മഹത്യ ചെയ്യുന്നത് സംബന്ധിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. അഞ്ചുപേരുടെ ചിത്രം സഹിതമായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്.