കൊൽക്കത്ത ∙ ജാദവ്പുർ സർവകലാശാലയിലെ ബിരുദ വിദ്യാർഥിയായ 17 കാരന്റെ മരണത്തിൽ, സംഭവങ്ങൾ പുനർനിർമിച്ച് കൊൽക്കത്ത പൊലീസ്. ഓഗസ്റ്റ് 9ന് രാത്രി വിദ്യാർഥി, നാലുനിലയുള്ള ഹോസ്റ്റലിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിൽനിന്ന് വീഴുന്നതിന് മിനിറ്റുകൾക്കു മുൻപ് നടന്ന സംഭവങ്ങളാണു പുനർനിർമിച്ചത്. കേസിൽ ഇതുവരെ അറസ്റ്റിലായ 12 പ്രതികൾക്കുമെതിരെ റാഗിങ്ങിന് തെളിവുണ്ടെന്ന് പൊലീസ് പറയുന്നു.ഓഗസ്റ്റ് 9ന് രാത്രി 9 മണിയോടെ 17കാരനെ ഹോസ്റ്റലിന്റെ രണ്ടാം നിലയിലെ 70–ാം നമ്പർ മുറിയിലേക്ക് സീനിയർ വിദ്യാർഥികൾ വിളിപ്പിച്ചു. രണ്ടാം നിലയിലെ 68-ാം നമ്പർ മുറിയിലാണ് പുതിയ കുട്ടികൾ താമസിച്ചിരുന്നത്. തുടർന്ന് ഹോസ്റ്റൽ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഇടനാഴിയിലൂടെ നടക്കാൻ ആവശ്യപ്പെട്ടു. നടന്നുപോകുമ്പോൾ സീനിയർ വിദ്യാർഥികൾ 17കാരന്റെ വസ്ത്രം അഴിച്ചുമാറ്റി.രക്ഷപ്പെടാനായി ആദ്യം റൂം നമ്പർ 65 ൽ പോയ 17കാരന്‍ മുറി പൂട്ടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സീനിയർ വിദ്യാർഥികൾ പിന്തുടരുന്നതിനാൽ, മറ്റൊരു മുറിയിലേക്ക് ഓടാൻ തുടങ്ങി. രണ്ടുമണിക്കൂറോളം ഇങ്ങനെ ഓടി. ഹോസ്റ്റൽ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ബാൽക്കണിയിൽനിന്ന് രാത്രി 11.45 ഓടെയാണ് 17കാരന്‍ വീണത്. അതേസമയം എങ്ങനെയാണ് വീണതെന്ന് കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല.
കേസിൽ, ജാദവ്പുർ സർവകലാശാലയിലെ നിലവിലെ ആറു വിദ്യാർഥികളെയും ആറു മുൻ വിദ്യാർഥികളെയുമാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഗണിതശാസ്ത്രത്തിൽനിന്ന് 2022ൽ ബിരുദം നേടിയ സൗരഭ് ചൗധരിയാണ് മുഖ്യപ്രതിയെന്ന് പൊലീസ് പറയുന്നു. അനധികൃതമായി ഹോസ്റ്റലിൽ താമസിച്ചിരുന്ന ചൗധരിയെ ഓഗസ്റ്റ് 11നാണ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ കൊലപാതകത്തിനും റാഗിങ്ങിനും കേസെടുത്തപ്പോൾ, ഇരയായ വിദ്യാർഥി പ്രായപൂർത്തിയാകാത്ത ആളായിട്ടും പോക്‌സോ ആക്‌ട് ചുമത്താൻ െപാലീസ് തയാറായിട്ടില്ലെന്ന് ആരോപണമുണ്ട്.