തൃശൂർ : ചേറ്റുപുഴയിലെ യുവാവിന്റെ മരണം കൊലപാതകമാണെന്നു കണ്ടെത്തി.
യുവാവ് ബൈക്കപകടത്തില്‍ മരിച്ചതല്ലെന്നും ഹെൽമറ്റുകൊണ്ട് തലയ്ക്കടിച്ചു കൊന്നതാണെന്നും പൊലീസ് പറഞ്ഞു. അരിമ്പൂർ സ്വദേശി ഷൈൻ (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവാവിന്റെ ഇളയ സഹോദരനും സുഹൃത്തും പിടിയിലായി. തൃശൂർ വെസ്റ്റ് പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
13ന് രാത്രി തൃശൂർ നഗരത്തിലെ ബാറിൽനിന്ന് തന്നെ കൂട്ടിക്കൊണ്ടുപോകാൻ ഷൈൻ ഇവരെ വിളിച്ചുവരുത്തുകയായിരുന്നു. പാതിവഴിയിൽ പെട്രോൾ തീർന്നതിനെത്തുടർന്ന് ഉണ്ടായ തർക്കത്തിനിടെ സഹോദരൻ ഷെറിൻ ഹെൽമറ്റ് ഉപയോഗിച്ച് അടിച്ചുവീഴ്ത്തി. പിന്നാലെ ഇവർ അപകടം സംഭവിച്ചതായി പൊലീസിൽ അറിയിക്കുകയും ആംബുലൻസ് വിളിച്ചുവരുത്തുകയും ചെയ്തു. പോസ്റ്റ്മോർട്ടത്തിലാണ് തലയ്ക്ക് അടിയേറ്റതായി കണ്ടെത്തിയത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.