വയനാട് വെള്ളമുണ്ട കണ്ടത്തുവയൽ ഇരട്ട കൊലപാതക കേസിൽ പ്രതിക്ക് വധശിക്ഷ. 17 ലക്ഷം രൂപ നഷ്ടപരിഹാര തുകയും നൽകണം. . 2018 ജൂലൈ ആറിനാണ് വെള്ളമുണ്ട സ്വദേശികളായ ഉമ്മർ ഭാര്യ ഫാത്തിമ എന്നിവർ കൊല്ലപ്പെട്ടത്. ഫാത്തിയുടെ കഴുത്തിലുണ്ടായിരുന്ന എട്ട് പവന്‍റെ മാല നഷ്ടപ്പെട്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതോടെ മോഷണശ്രമത്തിലാണ് കൊലപാതകമെന്നും പൊലീസ് കണ്ടെത്തി. ഉമ്മറിന്‍റെ മാതാവ് അയിഷയാണ് മൃതദേഹം ആദ്യം കണ്ടത്. പിൻവശത്തെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടു. വീട്ടിനുള്ളിലേക്ക് കയറിയപ്പോഴാണ് മകൻ ഉമ്മറിനെയും(27) മരുമുകൾ ഫാത്തിമയെയും(18) ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. അയിഷ വാവിട്ട് നിലവിളിച്ചതോടെ അയൽവാസികൾ ഓടിയെത്തി. തുടർന്ന് പൊലീസ് നടത്തിയ വിദഗ്ദ്ധ അന്വേഷണത്തിനൊടുവിലാണ് പ്രതിയായ വിശ്വനാഥൻ അറസ്റ്റിലായത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. . തൊട്ടിൽപാലം സ്വദേശി വിശ്വനാഥനാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രോസിക്യൂഷന് വ്യക്തമായി തെളിയിക്കാനായെന്ന് കോടതി ചൂണ്ടിക്കാട്ടി.
സംഭവ ദിവസം രാത്രി ഏതെങ്കിലും വീട്ടിൽ മോഷണം നടത്തണമെന്ന ഉദ്ദേശത്തോടെ ബസിലാണ് വിശ്വനാഥൻ പന്ത്രണ്ടാം മൈലിൽ എത്തിയത്. ഉമ്മറിന്‍റെ വീട്ടിൽ പിൻവശത്ത് ലൈറ്റ് കണ്ട് നോക്കിയപ്പോൾ വാതിൽ തുറന്നു കിടക്കുന്നതായി കണ്ടു. അങ്ങനെയാണ് അകത്ത് കടന്ന് ഫാത്തിമയുടെ വാ പൊത്തിപിടിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ചു. എന്നാൽ ഫാത്തിമയുടെ നിലവിളികേട്ട് ഉമ്മർ എഴുന്നേറ്റ് വന്നു. ഇതോടെ കൈയിൽ ഉണ്ടായിരുന്ന കമ്പിവടികൊണ്ട് വിശ്വനാഥൻ ഇരുവരെയും തലയ്ക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം ആഭരണങ്ങളും മൊബൈൽഫോണും എടുത്ത് മുളകുപൊടി വിതറിയശേഷം വിശ്വനാഥൻ അവിടെനിന്ന് രക്ഷപെടുകയായിരുന്നു. പിന്നീട് ആഭരണങ്ങൾ കുറ്റ്യാടിയിലെ ജൂവലറിയിൽ വിറ്റു.