
എഴുത്തുകാരന്‍ വി ആർ സുധീഷിനെതിരായ പരാതി പിൻവലിച്ചില്ലെങ്കിൽ ഇല്ലാതാക്കുമെന്ന് മാക്ബത്ത് പബ്ലിക്കേഷൻസ് എഡിറ്ററും എഴുത്തുകാരിയുമായ എം എ ഷാനസ്സിനു ഭീഷണി. പുസ്തകം പ്രസിദ്ധീകരിച്ചതിന്‍റെ പേരില്‍ എഴുത്തുകാരന്‍ വി ആര്‍ സുധീഷ് ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്നും വഴങ്ങാത്തതിന്‍റെ പേരില്‍ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു എം എ ഷഹനാസിന്‍റെ പരാതി. സുധീഷിനെതിരായ പരാതി പിൻവലിച്ചില്ലെങ്കിൽ ഇല്ലാതാക്കുമെന്നാണ് ഇന്നലെ വന്ന കത്തിലെ ഭീഷണി. കത്തിലുടനീളം തെറിവിളിയും അസഭ്യവര്‍ഷവുമാണ്. കളിക്കുന്നതാരോടാണെന്ന് അറിയില്ലെന്നും കുടുംബത്തോടെ ഇല്ലാതാക്കുമെന്നും നഗ്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിയുണ്ട്. എഴുത്തുകാരിയും പ്രസാധകയുമായ എം എ ഷഹനാസ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് എഴുത്തുകാരനെതിരെ ആദ്യം രംഗത്തെത്തിയത്. വാട്ട്സാപ്പ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ടടക്കം പങ്കുവെച്ചായിരുന്നു ആരോപണം. വി ആർ സുധീഷ് നിരന്തരം ലൈംഗിക ചുവയോടെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയും വീട്ടിലേക്ക് ഒറ്റയ്ക്ക് വരാൻ നിർബന്ധിക്കുകയും ചെയ്തു എന്നാണ് യുവപ്രസാധകയുടെ പരാതി.