Spread the love
കടമ്പഴിപ്പുറം ഇരട്ടക്കൊലക്കേസ്; ദാരുണ സംഭവത്തിന് അഞ്ചുവയസ്സ്; ഒടുവിൽ കടമ്പഴിപ്പുറത്തിന് ആശ്വാസം.

അഞ്ചുവർഷം നീണ്ട ആശങ്കകൾക്കും ഊഹാപോഹങ്ങൾക്കും ഒടുവിൽ അറുതിയായി. കടമ്പഴിപ്പുറം ഇരട്ടക്കൊലപാതകക്കേസിന്റെ ചുരുളഴിഞ്ഞു. 2016 നവംബർ പതിനഞ്ചിന് നേരംപുലർന്നത് കടമ്പഴിപ്പുറത്തെ നടുക്കിയ വാർത്തയുമായാണ്.

കണ്ണുകുറിശ്ശിയിൽ ഒറ്റപ്പെട്ടവീട്ടിൽ താമസിക്കുന്ന ചിരപ്പത്ത് വീട്ടിൽ ഉണ്ണിക്കൃഷ്ണൻ, ഭാര്യ തങ്കമണി എന്നിവർ കിടപ്പുമുറിയിൽ അതിദാരുണമായി കൊലചെയ്യപ്പെട്ടു. സമീപ പ്രദേശങ്ങളിലെ തനിച്ച് താമസിക്കുന്ന പലരെയും ആശങ്കയിലാഴ്‌ത്തിയ സംഭവമായിരുന്നു അത്. പല വീട്ടിലും വാതിലുകൾ അകത്ത് ഒന്നിലധികംപൂട്ടിട്ട് പൂട്ടിയും സുരക്ഷാദണ്ഡുകൾ സ്ഥാപിച്ചും സുരക്ഷ വർധിപ്പിക്കാൻ ശ്രമിച്ചതായും പ്രദേശവാസികൾ പറയുന്നു. കൊലപാതകംനടന്ന് ഒരുവർഷം ലോക്കൽപോലീസും തുടർന്ന് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി.

എ.ഡി.ജി.പി.യായിരുന്ന ബി. സന്ധ്യയടക്കമുള്ള ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കേസിന് തുമ്പ് ലഭിച്ചിരുന്നില്ല. പിന്നീട് പല പ്രത്യേക സംഘങ്ങളും അന്വേഷണത്തിനെത്തിയിരുന്നു. സംയുക്ത സമരസമിതിയും കേസിന് പിന്നാലെ വലിയ ഇടപെടലുകൾ നടത്തിയിരുന്നു.

കേരള പോലീസിന് ഏറെ വെല്ലുവിളിയുയർത്തിയ കേസിൽ അഞ്ചുവർഷത്തിനുശേഷം അയൽവാസി അറസ്റ്റിൽ. കടമ്പഴിപ്പുറം കണ്ണുക്കുറിശ്ശി ഉണ്ണീരിക്കുണ്ടിൽ യു.കെ. രാജേന്ദ്രനെ (രാജു-49) ആണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ദമ്പതിമാരുടെ അയൽവാസിയായിരുന്ന പ്രതി ചെന്നൈയിൽ ചായക്കട നടത്തിവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു.

കേസിന്റെ തുടക്കത്തിൽ സംശയിച്ചിരുന്നവരുടെ പട്ടികയിലില്ലാതിരുന്ന ഇയാളെ ക്രൈംബ്രാഞ്ച് കടമ്പഴിപ്പുറത്ത് ക്യാമ്പ് ചെയ്ത് മൂന്നുവർഷമായി നടത്തിയ നിരന്തര പരിശോധനകൾക്കും തെളിെവടുപ്പുകൾക്കും ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് എ.ഡി.ജി.പി. എസ്. ശ്രീജിത്ത് പറഞ്ഞു. ദമ്പതിമാരുടെ കൈവശമുണ്ടായിരുന്ന പണവും സ്വർണവും ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ അറിയിച്ചതായി പോലീസ് പറഞ്ഞു.

2016 ജനുവരി 15 നാണ് കടമമ്പഴിപ്പുറം കണ്ണുകുറിശ്ശിപ്പറമ്പ് ചീരപ്പത്ത് വടക്കേക്കര ഗോപാലകൃഷ്ണൻ (62),‚ ഭാര്യ തങ്കമണി (52) എന്നിവർ വീട്ടിലെ കിടപ്പുമുറിയിൽ ദാരുണമായി കൊലചെയ്യപ്പെട്ടത്. റബ്ബർത്തോട്ടത്തിനകത്തെ ഒറ്റപ്പെട്ട വീടിന്റെ ഓടുപൊളിച്ച് അകത്തിറങ്ങിയശേഷം ഉറങ്ങിക്കിടന്നിരുന്ന ദമ്പതിമാരെ നിരവധിതവണ വെട്ടിയും തലയ്ക്കടിച്ചുമാണ് കൊലപ്പെടുത്തിയത്. തങ്കമണി ധരിച്ചിരുന്ന ആറരപ്പവൻ സ്വർണാഭരണങ്ങളും 4,000 രൂപയും മോഷ്ടിക്കയും ചെയ്തു. തുടക്കത്തിൽ ലോക്കൽപോലീസ് അന്വേഷിച്ച േകസിൽ തുമ്പുണ്ടാവാതായതോടെ നാട്ടുകാരുടെ സമരസമിതി രൂപവത്കരിച്ച് നടത്തിയ പ്രതിഷേധങ്ങൾക്കും ജനപ്രതിനിധികളുടെ ഇടപെടലിനുമൊടുവിൽ 2017 മാർച്ചിലാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്.

കൊല്ലപ്പെട്ട ദമ്പതിമാരുടെ മക്കളുടെ ആവശ്യപ്രകാരം 2019-ൽ അന്നത്തെ ഐ.ജി. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുത്തു. തുടർന്നാണ് തുടക്കത്തിൽ സംശയിക്കുന്നവരുടെ പട്ടികയിൽപ്പോലുമില്ലാതിരുന്ന പ്രതി പിടിയിലാകുന്നത്.

20-ന് ചെന്നൈയിലെത്തിയ ക്രൈംബ്രാഞ്ച് സംഘം 27-ന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാവാൻ പ്രതിയോട് നിർദേശിക്കയായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്. ഒറ്റപ്പാലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി.

സിനിമാമോഡൽ തെളിവുനശിപ്പിക്കലും.

പാലക്കാട്: കടമ്പഴിപ്പുറത്തെ കൊല്ലപ്പെട്ട ദമ്പതിമാരുടെ അയൽവാസിയായ രാജേന്ദ്രൻ തുടക്കത്തിൽ സംശയിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടാതിരിക്കാൻ ദൃശ്യം സിനിമയിലേതു പോലെ സംഭവം നടന്ന ദിവസത്തിന് തലേന്ന് രാവിലെ 11-ന് ചെന്നൈയ്ക്കെന്നു പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതായി പോലീസ് പറഞ്ഞു.

ഇയാൾ ബസ്സിൽവെച്ച് അയൽവാസിയായ സ്ത്രീക്ക്‌ ടിക്കറ്റും എടുത്തുനൽകിയിരുന്നു. തുടർന്ന്, പാലക്കാടുവരെ ബസ്സിലെത്തിയശേഷം രാത്രി തിരിച്ച് കടമ്പഴിപ്പുറത്തെത്തുകയായിരുന്നു. തുടർന്നാണ് ആസൂത്രിതമായി കൊലപാതകം നടത്തി വീണ്ടും ചെന്നൈയിലേക്ക് മടങ്ങിയത്.

സ്ഥലമറിയുന്ന ആൾ.

ദമ്പതിമാരുടെ വീടിനെക്കുറിച്ച് നല്ലധാരണയുള്ള ആളാണ് കൊലനടത്തിയതെന്ന് ക്രൈംബാഞ്ചിന് തുടക്കത്തിൽതന്നെ ഉറപ്പായിരുന്നെന്ന് എ.ഡി.ജി.പി. എസ്. ശ്രീജിത്ത് പറഞ്ഞു. കൃത്യത്തിനുശേഷം വീടിനുമുന്നിലെ കുടിവെള്ളടാപ്പിൽ കൈയും ശരീരവും കഴുകിയതും ദമ്പതിമാർ ഉറങ്ങുന്ന മുറിയിലേക്കുതന്നെ ഓടുപൊളിച്ച് ഇറങ്ങിയതും ഇതിന് തെളിവായി. കൂടാതെ, ദമ്പതിമാർ കൊല്ലപ്പെടുന്നതിന് തലേന്ന് കടമ്പഴിപ്പുറത്തുനിന്നുപോയ ഇയാൾ കൊലപാതകം പുറത്തറിഞ്ഞ 15-ന് രാത്രി 11.30-ന് ചെന്നൈയിലെ ലോഡ്ജിൽ മുറിയെടുത്തതും പോലീസിൽ സംശയം ജനിപ്പിച്ചിരുന്നു.

ഇതേക്കുറിച്ച് ചോദിച്ചപ്പോൾ റെയിൽവേസ്റ്റേഷനിലാണ് തലേന്ന് രാത്രി ഉറങ്ങിയതെന്ന് പറഞ്ഞ നുണയും പോലീസിന് പിടിവള്ളിയായി.

ചെറുപ്പംമുതൽ ചെന്നൈയിൽ‌.

ചെന്നൈയിലെ കോയമ്പേടിൽ ഒമ്പതാംക്ലാസ് പഠനകാലംമുതൽ അച്ഛനോടൊപ്പം ചായക്കട നടത്തിവരികയായിരുന്നു രാജേന്ദ്രൻ. ചൂടുവെള്ളവും മറ്റും സ്ഥിരമായി കൈയിൽ തട്ടി കൈരേഖയിൽ മാറ്റമുണ്ടായതാണ് സാമ്യം തിരിച്ചറിയാൻ കഴിയാത്തതിന് കാരണമെന്ന് പോലീസ് പറയുന്നു. പിന്നീട് കോവിഡ് അടച്ചിടലിനെത്തുടർന്ന് ചായക്കടകൾ പൂട്ടിയതോടെ തിരിച്ച് കടമ്പഴിപ്പുറത്തെത്തിയ രാജേന്ദ്രന്റെ കൈരേഖയ്ക്ക് സംഭവസ്ഥലത്തെ കൈരേഖകളുമായുള്ള സാമ്യം പോലീസ് തിരിച്ചറിയുകയായിരുന്നു.

27-ന് ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി രാജേന്ദ്രനിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. 28-ന് രാത്രി കടമ്പഴിപ്പുറത്തുള്ള വാടകവീട്ടിൽനിന്നാണ് പ്രതിയെ അന്വേഷണോദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.വി. മണികണ്ഠൻ അറസ്റ്റുചെയ്തത്. കേസിൽ ഒരുലക്ഷത്തിലേറെ ഫോൺകോളുകളും 2000-ത്തിലേറെ കൈരേഖകളും ക്രൈംബ്രാഞ്ച് പരിശോധിച്ചിരുന്നു.

കൃത്യം കടബാധ്യത തീർക്കാൻ.

ദമ്പതിമാരുടെ കൈവശം മക്കൾക്ക് വീടും സ്ഥലവും വാങ്ങാൻ ലക്ഷ്യമിട്ട് കരുതിയിരുന്ന പണവും സ്വർണവുമുണ്ടെന്നും ഇത് ചെന്നൈയിൽ തനിക്കുണ്ടായ 1.9 ലക്ഷത്തിന്റെ കടബാധ്യത തീർക്കുന്നതിനായി ഉപയോഗപ്പെടുത്താനാവുമെന്ന ചിന്തയാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. തങ്കമണിയുടെ കൈവശമുണ്ടായിരുന്ന ആറരപ്പവൻ സ്വർണാഭരണത്തിനുപുറമേ ബാക്കി കൈയിലുണ്ടായിരുന്ന സ്വർണവും പണവും ഇവർ സൂക്ഷിച്ചിരുന്നത് വീടിന്റെ ചിമ്മിനിയുടെ താഴെയായിരുന്നു. മക്കൾക്ക് വീടുവെക്കുന്നതിനായി ദമ്പതിമാർ കടമ്പഴിപ്പുറം രജിസ്ട്രാർ ഓഫീസിനടുത്ത സ്ഥലത്തിന് അഡ്വാൻസും നൽകിയിരുന്നു. ഇത് എവിടെയാണെന്നറിയാനാവും ദമ്പതിമാരെ പ്രതി ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചെതെന്നും പോലീസ് പറയുന്നു. ഇയാളുടെ പേരിൽ മുമ്പ് കേസുകളൊന്നും റിപ്പോർട്ടുചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

ചെന്നൈയിൽ നടന്ന ഒരു ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് തമിഴ്നാട് പോലീസ് രാജേന്ദ്രനെ ചോദ്യംചെയ്തതായി അറിവുണ്ടെന്നും പോലീസ് പറഞ്ഞു. എ.ഡി.ജി.പി. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ തൃശ്ശൂർ ക്രൈംബ്രാഞ്ച് എസ്.എപി. കെ.എസ്. സുദർശൻ, പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി. കെ. സലിം, ഡിവൈ.എസ്.പി.മാരായ എം.വി. മണികണ്ഠൻ, സി.എം. ഭവദാസ്, എസ്.ഐ.ടി. അംഗങ്ങളായ തൃശ്ശൂർ ക്രൈംബ്രാഞ്ച് എസ്.ഐ. കെ.എ. മുഹമ്മദ് അഷ്റഫ്, എ.എസ്.ഐ. മാരായ എം. ഹബീബ്, പി. സുദേവ്, പാലക്കാട് ക്രൈംബ്രാ‍ഞ്ച് എസ്.സി.പി.ഒ. മാരായ കെ. സതീഷ്‌കുമാർ, കെ. രമേഷ്, കെ. സജിന, സി.വി. ഷീബ, സി.പി.ഒ. എച്ച്. ഷിയാവുദ്ദീൻ, എ.എസ്.ഐ.മാരായ സുദേവൻ, കെ. രാമകൃഷ്ണൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

അന്വേഷണസംഘത്തിലുണ്ടായിരുന്ന മുഴുവൻപേർക്കും പോലീസ് അവാർഡിന് ശുപാർശ ചെയ്യുമെന്ന് എ.ഡി.ജി.പി. പറഞ്ഞു.

Leave a Reply