Spread the love

ലോക്ക്ഡൗൺ ഇളവുകളിൽ തീരുമാനം നാളത്തേക്ക് മാറ്റി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകളില്‍ തീരുമാനം നാളെ അറിയാം. ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് സ്ഥിതിഗതികളും, വിവിധ അഭിപ്രായങ്ങളും വിശകലനം ചെയ്ത് തീരുമാനമെടുക്കുന്നത് നാളത്തേക്ക് മാറ്റിയത്.

ഇന്ന് തന്നെ തീരുമാനമെടുക്കാനായിരുന്നു നീക്കമെങ്കിലും ലോക്ക്ഡൗണില്‍ ഇളവ് നല്‍കുന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തില്‍ സാഹചര്യങ്ങള്‍ കുറച്ചുകൂടി വിലയിരുത്തിയ ശേഷമാകും അന്തിമ തീരുമാനം കൈക്കൊള്ളുക. രോഗവ്യാപനം പത്ത് ശതമാനത്തിലേക്ക് എത്താത്തതുകൊണ്ട് തന്നെ ഇളവുകള്‍ നല്‍കുന്നത് തിരിച്ചടിയാകുമെന്ന വാദവും യോഗത്തില്‍ ഉയര്‍ന്നുകേട്ടു.

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ അറിയിച്ചു. ലോക്ക് ഡൗണ്‍ നടപ്പിലാക്കിയിട്ട് 38 ദിവസമായി. ലോക്ക് ഡൗണ്‍ ഇങ്ങനെ തുടരണോ എന്ന് സര്‍ക്കാര്‍ ആലോചിക്കണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

കഴിഞ്ഞ ലോക്ക് ഡൗണ്‍ തെരഞ്ഞെടുപ്പിന് മുന്‍പായിരുന്നതിനാല്‍ ഒരുപാട് ആനുകൂല്യങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്ല. പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടതുപോലെ നികുതി അടയ്ക്കുന്നതില്‍ കാലതാമസം കൊടുത്തിട്ടുണ്ട്.

കഴിഞ്ഞ 38 ദിവസമായി ജനം സാമ്പത്തിക പ്രതിസന്ധിയിലാണ്. ഒരുപാട് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്നും ഇത് സംബന്ധിച്ച് പരാതി ഉയര്‍ന്നിട്ടുണ്ടെന്നും വി. ഡി സതീശന്‍ പറഞ്ഞു. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷം സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും വി. ഡി സതീശന്‍ വ്യക്തമാക്കി.

Leave a Reply