ദുബൈ: യുഎഇയില്‍ സര്‍ക്കാര്‍ മേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധികള്‍ ഒരുപോലെ ആക്കാന്‍ തീരുമാനം. തിങ്കളാഴ്ച്ച ഹ്യൂമന്‍ റിസോഴ്‌സ് ആന്റ് എമിറേറ്റൈസേഷന്‍ മന്ത്രാലയമാണ് പുതിയ ഏകീകൃത പൊതു കരാര്‍ പ്രഖ്യാപിച്ചത്.
അടുത്ത വര്‍ഷം ഫെബ്രുവരി 2 മുതല്‍ നടപ്പിലാക്കുന്ന പുതിയ തൊഴില്‍ നിയമത്തിലാണ് സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും അവധി ദിനങ്ങള്‍ ഒരു പോലെ ആക്കുക. ഇതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ ജീനക്കാര്‍ക്കും വാര്‍ഷിക അവധി, പ്രസവ അവധി, പിതൃ അവധി, ദുഖ അവധി, പഠന അവധി എന്നിവ തുല്യമാവും.
വാര്‍ഷിക അവധി: മുഴുസമയ സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാര്‍ക്ക് വര്‍ഷത്തില്‍ 30 ദിവസം വാര്‍ഷിക അവധി ലഭിക്കും. ആറ് മാസം പൂര്‍ത്തിയാക്കിയ ജീവനക്കാരന് ഒരു വര്‍ഷം ആവുന്നത് വരെ ഓരോ മാസവും രണ്ട് ദിവസത്തെ വേതന അവധിക്ക് അര്‍ഹതയുണ്ട്.
പ്രസവ അവധി: രണ്ട് മേഖലകളിലും 60 ദിവസമാണ് പ്രസവ അവധി. 45 ദിവസം പൂര്‍ണ വേതനത്തോടെയും 15 ദിവസം പകുതി വേതനത്തോടെയും അവധി എടുക്കാം. ജോലിയില്‍ തിരിച്ച് കയറിയാല്‍ പ്രസവം മുതലുള്ള ആറ് മാസത്തേക്ക് ജീവനക്കാരിക്ക് ദിവസം ഒരു മണിക്കൂര്‍ മുലയൂട്ടുന്നതിന് വേണ്ടി ഇളവ് അനുവദിക്കണം.
വനിതാ ജീവനക്കാര്‍ക്ക് പ്രസവ അവധി മറ്റ് അംഗീകൃത അവധി ദിനങ്ങളോട് യോജിപ്പിച്ച് കൊണ്ട് എടുക്കാം.
പിതൃ അവധി: ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന് 5 ദിവസം പിതൃ അവധി എടുക്കാം. ഇത് തുടര്‍ച്ചയായോ അല്ലെങ്കില്‍ കുട്ടിയുടെ ജനനം മുതല്‍ ആറ് മാസത്തിനിടയിലോ എടുത്ത് തീര്‍ക്കാം.
ദുഖ അവധി: ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ അടുത്ത ബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ട് ജീവനക്കാരന് 5 ദിവസം അവധി എടുക്കാം.
രോഗ അവധി: വര്‍ഷത്തില്‍ 90 ദിവസമാണ് രോഗ അവധി. ഇതില്‍ 15 ദിവസം പൂര്‍ണ വേതനത്തോടും 30 ദിവസം പകുതി വേതനത്തോടും കൂടിയാണ്. ബാക്കി വേതന രഹിത അവധിയായിരിക്കും.
പഠന അവധി: രാജ്യത്തിന് അകത്തോ പുറത്തോ ഉള്ള യുഎഇ അംഗീകൃത വിദ്യഭ്യാസ സ്ഥാപനങ്ങളിലോ യൂനിവേഴ്‌സിറ്റികളിലോ പരീക്ഷ എഴതുന്നതിന് വേണ്ടി വര്‍ഷത്തില്‍ 10 ദിവസം പഠന അവധി.